Thursday, September 23, 2021
Home Newsfeed സൗദിയിലേക്കുള്ള യാത്രയ്ക്കിടെ മലയാളികള്‍ 17 മണിക്കൂര്‍ നടുക്കടലില്‍ പെട്ടു

സൗദിയിലേക്കുള്ള യാത്രയ്ക്കിടെ മലയാളികള്‍ 17 മണിക്കൂര്‍ നടുക്കടലില്‍ പെട്ടു

റിയാദ്: സൗദി യാത്രയ്ക്കിടെ പ്രവാസി മലയാളികള്‍ 17 മണിക്കൂറോളം നടുക്കടലില്‍ വലഞ്ഞു. മാലദ്വീപില്‍ താമസ സൗകര്യം ലഭിക്കാന്‍ വൈകിയതു കാരണമാണ് ഒരു ദിവസത്തോളം കടലില്‍ ബോട്ടില്‍ കഴിയേണ്ടി വന്നത്. താമസം ശരിയായതു 33 മണിക്കൂറിനു ശേഷമാണെന്നും യാത്രക്കാര്‍ പറഞ്ഞു.

നേരിട്ടുള്ള വിമാനമില്ലാത്തതിനാല്‍ സൗദിയിലെ ജോലി സ്ഥലത്തു തിരിച്ചെത്താന്‍ കൊച്ചിയില്‍നിന്നു കഴിഞ്ഞ ദിവസം മാലദ്വീപ് വഴി പുറപ്പെട്ടതായിരുന്നു പ്രവാസികള്‍. മാലിയില്‍നിന്നു യാത്രക്കാരെ വിവിധ സംഘങ്ങളായി കൊണ്ടുപോയി. ഇവരില്‍ ഒരു സംഘമാണ് ദുരിതത്തിലായത്. മലപ്പുറം ജില്ലക്കാരായ 9 പേരും കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ ജില്ലയിലുള്ളവരും ഉള്‍പ്പെടെ 25 പേരാണ് ഈ ബോട്ടിലുണ്ടായിരുന്നത്.

രാവിലെ 10നു വിമാനമിറങ്ങിയെങ്കിലും വൈകിട്ട് മൂന്നിനാണു ദ്വീപിലെ താമസ സ്ഥലത്തേക്കു ബോട്ടില്‍ കൊണ്ടുപോയത്. രാത്രി എട്ടരയ്ക്ക് ഒരു ദ്വീപില്‍ എത്തിച്ചെങ്കിലും അവിടെ ആര്‍ക്കും ഇറങ്ങാനാകാത്ത സാഹചര്യമായിരുന്നു. പ്രാദേശികമായ പ്രശ്‌നങ്ങളായിരുന്നു കാരണം. ഉറങ്ങാന്‍പോലുമാകാതെ രാവിലെ ആറര വരെ കടലില്‍ കഴിയുകയായിരുന്നു. പിന്നീട് മറ്റൊരു ദ്വീപിലേക്കു പുറപ്പെട്ടു.

രാവിലെ എട്ടരയോടെ അവിടെയെത്തിയെങ്കിലും മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍, അവിടെനിന്നു പോകണമെന്ന നിര്‍ദേശമാണു ലഭിച്ചത്. ഹോട്ടലില്‍നിന്നിറങ്ങി വൈകിട്ട് ബോട്ടില്‍ കയറി വീണ്ടും യാത്ര. ഹിന്നവാറു ദ്വീപില്‍ രാത്രി ഏഴിനു താമസം ലഭിച്ചതോടെയാണ് ആശ്വാസമായത്. അതിനിടെ ഭക്ഷണം കിട്ടിയതു 2 തവണ മാത്രമായിരുന്നു.

മാലദ്വീപിലെ താമസവും വിമാന ടിക്കറ്റുകളും മറ്റും ഉള്‍പ്പെടെ സൗദിയില്‍ എത്താന്‍ ശരാശരി 1.30 ലക്ഷം രൂപയാണ് നല്‍കിയത്. ഇവര്‍ യാത്ര സൗകര്യപ്പെടുത്തിയ ഏജന്‍സിയുടെ ശ്രദ്ധക്കുറവാണു പ്രയാസത്തിനു കാരണമെന്നും പ്രവാസികള്‍ പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാലാണ് മലയാളികള്‍ ഉള്‍പ്പെടെ വിവിധ വഴികളിലൂടെ സൗദിയിലേക്ക് മടങ്ങുന്നത്. താരതമ്യേന കുറഞ്ഞ ചെലവുള്ള വഴി എന്ന നിലയിലാണ് പലരും മാലദ്വീപ് തിരിഞ്ഞെടുക്കുന്നത്. ഇവിടെ 14 ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പറക്കുകയാണ് ചെയ്യുന്നത്. അവസരം മുതലെടുത്ത് പല ട്രാവല്‍ ഏജന്‍സികളും യാത്രക്കാരെ വഞ്ചിക്കുന്നതായും പരാതി ഉയരുന്നുണ്ട്.
ALSO WATCH

Most Popular