Sunday, September 19, 2021
Home Newsfeed മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനിരുന്ന മലപ്പുറം സ്വദേശി ഉറക്കത്തില്‍ മരിച്ചു

മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനിരുന്ന മലപ്പുറം സ്വദേശി ഉറക്കത്തില്‍ മരിച്ചു

റിയാദ്: മകളുടെ വിവാഹത്തിന് അടുത്തയാഴ്ച നാട്ടില്‍ പോകാനിരുന്ന മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു. മൂന്നിയൂര്‍ ആലിന്‍ ചുവട് സ്വദേശി തച്ചറക്കല്‍ ജഅഫര്‍ (54) ആണ് ദക്ഷിണ സൗദിയിലെ അബൂ ആരിഷില്‍ ഉറക്കത്തിനിടയില്‍ മരിച്ചത്. ബ്രോസ്റ്റ് കടയില്‍ ജോലി നോക്കിയിരുന്ന ജഅഫര്‍ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹ ജോലിക്കാരന്‍ താമസസ്ഥലത്തെത്തി നോക്കിയപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം അബൂ ആരീഷ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സൗദിയിലും യുഎഇയിലും ഒമാനിലുമായി 25 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്നു. ആറു മാസം മുമ്പാണ് അബൂ ആരീഷില്‍ എത്തിയത്. നാട്ടില്‍ പോയി വന്നിട്ട് നാല് വര്‍ഷമായി. മകളുടെ വിവാഹത്തിന് അടുത്ത ആഴ്ച നാട്ടില്‍ പോകാനിരിക്കെയാണ് മരണം.

പരേതരായ തച്ചറക്കല്‍ കമ്മദ്, പാത്തുമ്മ ഉണ്ണിയാലുങ്ങല്‍ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ഉമ്മുഹബീബ. മക്കള്‍: റംല, റഹ്‌മത്ത്, റഫ ജാസ്മിന്‍, മുഹമ്മദ് റബീഹ്. മരുമക്കള്‍: ജലീല്‍ പാന്താരങ്ങാടി, ഇഖ്ബാല്‍ പാലായി.

മരണാനന്തര നടപടികള്‍ക്ക് ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഖാലിദ് പട്‌ല, അബ്ദുല്ലത്തീഫ് കൊളപ്പുറം, മുഹമ്മദ് റാഫി ഉള്ളണം, മന്‍സൂര്‍ കുണ്ടോട്ടി എന്നിവര്‍ രംഗത്തുണ്ട്.

 

Most Popular