Tuesday, May 18, 2021
Home Newsfeed സൗദിയില്‍ വളര്‍ത്തു സിംഹം ഉടമയെ കടിച്ചുകൊന്നു

സൗദിയില്‍ വളര്‍ത്തു സിംഹം ഉടമയെ കടിച്ചുകൊന്നു

റിയാദ്: സൗദി അറേബ്യയില്‍ വീട്ടില്‍ ഓമനിച്ചു വളര്‍ത്തിയ സിംഹത്തിന്റെ കടിയേറ്റ് വീട്ടുടമയ്ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച റിയാദിലാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി പൗരനാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇദ്ദേഹത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൂട്ടില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങിയ സിംഹം ഗൃഹനാഥനെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും സിംഹത്തിന്റെ വായിലായിരുന്നു ഗൃഹനാഥന്‍. ഗുരുതര പരിക്കേറ്റ ഇയാളെ സിംഹത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെടുത്തിയെങ്കിലും വൈകിയിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റ ഇയാള്‍ അല്‍പ്പ സമയത്തിനകം തന്നെ മരണത്തിന് കീഴടങ്ങിയെന്ന് റിയാദ് പോലീസ് അറിയിച്ചു.


പിന്നീട് സിംഹം ചത്തുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് എങ്ങനെ സംഭവിച്ചുവെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണം ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

വന്യ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതിനെതിരെ സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് നിരന്തരമായി മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. കഴിഞ്ഞ മാസം ഇത് നിരോധിച്ചു കൊണ്ട് അധികൃതര്‍ ഉത്തരവിറക്കിയിരുന്നുവെങ്കിലും ഇത് ലംഘിച്ച് സിംഹം, പുലി, കടുവ പോലുള്ള മൃഗങ്ങളെ സ്വന്തമാക്കുന്നവര്‍ സൗദിയില്‍ ധാരാളമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ വഴിയാണ് ഇതിന്റെ കച്ചവടം നടക്കുന്നത്.
ALSO WATCH

 

Most Popular