Sunday, July 25, 2021
Home Gulf Saudi Arabia സൗദിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് 16 വര്‍ഷം മുമ്പത്തെ കൊലക്കേസിലെ പ്രതി

സൗദിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് 16 വര്‍ഷം മുമ്പത്തെ കൊലക്കേസിലെ പ്രതി

അടിമാലി: കഴിഞ്ഞ ദിവസം സൗദിയിലെ ദവാദ്മിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് 16 വര്‍ഷം മുമ്പ് നടന്ന കൊലക്കേസിലെ പ്രതി. തൊടുപുഴ കരിങ്കുന്നം തട്ടാരത്തട്ട വാഴേപറമ്പില്‍ സിജിയെ(24) വിവാഹവാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 16 വര്‍ഷം ഒളിവില്‍ കഴിഞ്ഞിരുന്ന കോട്ടയം ആര്‍പ്പൂക്കര പനമ്പാലം കദളിക്കാലായില്‍ മുഹമ്മദ് സാദിഖിനെ (സലിം)യാണ് ദവാദ്മയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസിനു വിവരം ലഭിച്ചു. കൊല്ലം അയത്തില്‍ അഷ്‌റഫ് എന്ന വ്യാജ മേല്‍വിലാസത്തിലാണ് ഇയാള്‍ സൗദിയില്‍ ജോലി നോക്കിയിരുന്നത്. ദവാദ്മിയില്‍ പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍.

16 വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് യുവതി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ് മുഹമ്മദ് സാദിഖുമായി പരിചയപ്പെട്ടത്. ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന യുവതിക്ക് ഇയാള്‍ വിവാഹവാഗ്ദാനം നല്‍കിയതായി പോലിസ് പറയുന്നു. തുടര്‍ന്ന് രജിസ്റ്റര്‍ വിവാഹത്തിന് എന്ന വ്യാജേന 3 സുഹൃത്തുക്കുളുമായി ചേര്‍ന്ന് 2004 ജൂലൈ 29നു നേര്യമംഗലം വനമേഖയിലെ ചീയപ്പാറയില്‍ എത്തിച്ചു. രാത്രി പതിനൊന്നോടെ കഴുത്തറുത്തു കൊലപ്പെടുത്തി പതിനഞ്ചര പവന്‍ ആഭരണങ്ങളും 16,000 രൂപയും തട്ടിയെടുത്ത സംഘം മൃതദേഹം കൊക്കയില്‍ ഉപേക്ഷിച്ചു മുങ്ങിയെന്നാണു കേസ്.

സിജിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ റിയാസ്, ഷെമീര്‍, മുഹമ്മദ് സാദിഖ് (സലിം,) ഫൈസല്‍ എന്നിവര്‍ (ഫയല്‍ചിത്രം).

അന്ന് അടിമാലി സിഐ ആയിരുന്ന എം എ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു മാസത്തിനുള്ളില്‍ നാല്‍വര്‍ സംഘത്തെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി മുഹമ്മദ് സാദിഖ് കൊല്ലത്തെ ഭാര്യ വീട്ടിലേക്കു മുങ്ങുകയായിരുന്നുവെന്നും അവിടെ നിന്ന് വ്യാജ മേല്‍വിലാസത്തില്‍ പാസ്‌പോര്‍ട്ടും വിസയും സംഘടിപ്പിച്ച് സൗദിയിലേക്കു കടന്നതായും പോലിസ് പറയുന്നു.

ഇയാളെ ഒഴിവാക്കി നടന്ന കേസിന്റെ വിചാരണയില്‍ രണ്ടാം പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഈയിടെ അടിമാലി എസ്എച്ച്ഒ അനില്‍ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം അടിമാലി വെള്ളത്തൂവല്‍ പോലിസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കൊല്ലത്ത് എത്തി അന്വേഷണം നടത്തിയിരുന്നു.

Most Popular