News Flash
X
മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ് ഡോ. വി പി ഗംഗാധരന്

മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ് ഡോ. വി പി ഗംഗാധരന്

personGulf Malayaly access_timeSaturday December 21, 2019
HIGHLIGHTS
പ്രഥമ മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡിന് കേരളത്തിലെ പ്രമുഖ കാന്‍സര്‍ രോഗ ചികിത്സാവിദക്തന്‍ ഡോ. വി പി ഗംഗാധരന്‍ അര്‍ഹനായി.

റിയാദ്: സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയായ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ പതിനഞ്ചാം വാര്‍ഷികത്തിന് മുന്നോടിയായി ഏര്‍പ്പെടുത്തിയ പ്രഥമ മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡിന് കേരളത്തിലെ പ്രമുഖ കാന്‍സര്‍ രോഗ ചികിത്സാവിദക്തന്‍ ഡോ. വി പി ഗംഗാധരന്‍ അര്‍ഹനായി.

കേരളത്തില്‍ ആദ്യമായി ക്യാന്‍സര്‍ ചികിത്സാശാഖയും സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്റേഷന്‍ യൂണിറ്റും നിര്‍മിച്ച് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്റേഷന്‍ നിര്‍വഹിച്ച ഡോ. വി.പി. ഗംഗാധരനെ പ്രഥമ പുരസ്‌കാരത്തിനായി മൈത്രി തെരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഇദ്ദേഹത്തിന്റെ ജീവിതമെന്ന അത്ഭുതം എന്ന പുസ്തകം 2004 ലെ ഏറ്റവും വിറ്റഴിക്കപ്പെട്ട പുസ്തകം ആയിരുന്നു. ശാസ്ത്രരത്‌ന അവാര്‍ഡ്, ഇന്ദിരാഗാന്ധി പുരസ്‌കാര്‍, ജെ.സി.ഐ ഇന്ത്യ അവാര്‍ഡ്, സംസ്‌കാര ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ്, ഡോ. എംജിആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ടൈംസ് ഓഫ് ഇന്ത്യ ബ്രാന്‍ഡ് ഐക്കണ്‍ 2014 എന്നിവ ഇദ്ദേഹത്തെ തേടിവന്ന പുരസ്‌കാരങ്ങളില്‍ ചിലത് മാത്രം.

ഡിസംബര്‍ 21 ന് വൈകിട്ട് ഏഴുമണിക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെ ബത്ത അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ് സമ്മാനിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

തുടര്‍ന്ന് ക്യാന്‍സര്‍ സത്യവും മിഥ്യയും എന്നപേരില്‍ ബോധവല്‍ക്കരണ ക്‌ളാസും സംശയനിവാരണവും ഡോ വി പി ഗംഗാധരന്‍ നേതൃത്വം നല്‍കും. കൂടാതെ റിയാദിലെ പ്രമുഖ ഗായകരുടെ സംഗീത വിരുന്നും അരങ്ങേറും.

ചടങ്ങില്‍ റിയാദിലെ സാമൂഹ്യ സാംസ്‌കാരിക, മാധ്യമ, ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷംനാദ് കരുനാഗപ്പള്ളി (0560514198) റഹ്മാന് മുനമ്പത്ത്(0502848248) നസീര് ഖാന്( 0507023710) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

SHARE :
folder_openTags
content_copyCategory