Sunday, April 18, 2021
Home Gulf Saudi Arabia ചരക്കു വാഹനങ്ങളിലെ താപനിലയും ഈര്‍പ്പവും പരിശോധിക്കാന്‍ പുതിയ സംവിധാനം

ചരക്കു വാഹനങ്ങളിലെ താപനിലയും ഈര്‍പ്പവും പരിശോധിക്കാന്‍ പുതിയ സംവിധാനം

ജിദ്ദ: ഭക്ഷ്യവസ്തുക്കളും മരുന്നുകളും കയറ്റുന്ന വാഹനങ്ങളിലെ താപനിലയും ഈര്‍പ്പവും പരിശോധിക്കാന്‍ പുതിയ സംവിധാനം ഒരുങ്ങുന്നു. പൊതുഗതാഗത വകുപ്പും ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും ചേര്‍ന്ന് ‘വസല്‍’ എന്ന ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് പുതിയ സംവിധാനം. അതോറിറ്റിക്ക് കീഴിലെ ഇന്റര്‍നെറ്റ് പദ്ധതികള്‍ വിപുലീകരിക്കുന്നതിന്റെ തുടച്ചയായാണ് ഇങ്ങനെയൊരു സംവിധാനം ഒരുക്കുന്നത്. ഭക്ഷ്യവസ്തുക്കളും മരുന്നുകളും സംഭരിച്ചിരിക്കുന്ന ഗോഡൗണുകളും വാഹനങ്ങളുമായി ഈ സംവിധാനം ബന്ധിപ്പിക്കും.

ഭക്ഷണം, മരുന്നുകള്‍, അനുബന്ധ ഉല്‍പന്നങ്ങള്‍ എന്നിവ എത്തിക്കുന്ന വാഹനങ്ങളുടെ താപനിലയും ഈര്‍പ്പവും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള കൃത്യമായ ഇലക്‌ട്രോണിക് സംവിധാനമാണ് പുതിയ സേവനമെന്ന് ഗതാഗത വകുപ്പിലെ ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍ കണ്‍സല്‍ട്ടന്റ് ഡോ.റാഇദ് അല്‍സ്വാലിഹി പറഞ്ഞു. ഉന്നത സവിശേഷതകളോട് കൂടിയ ഈ സംവിധാനം ഉല്‍പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ്. അതോടൊപ്പം ഗതാഗത, സ്‌റ്റോറേജ് രംഗത്തെ നിബന്ധനകളുടെ നിലവാരം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. 2017 മുതല്‍ വാഹന വിവരങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ‘വസല്‍’ ഇ-പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ട്. അതുവഴിയാണ് പുതിയ ആപ്ലിക്കേഷനും ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഭക്ഷണം, മരുന്ന് പോലുള്ള ഉല്‍പന്നങ്ങളുടെ താപനിലയും ഈര്‍പ്പവും നിരീക്ഷിക്കല്‍ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും നിലനിര്‍ത്തുന്നതിന് ആവശ്യമാണെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ ത്വലാല്‍ അല്‍സുബയി പറഞ്ഞു. ഘട്ടംഘട്ടമായി പദ്ധതി പ്രാബല്യത്തിലാവും. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ ഫാക്ടറികള്‍, ശീതീകരിച്ചതും അല്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറികള്‍, മരുന്ന്, ഭക്ഷ്യവസ്തുക്കളുടെ വെയര്‍ഹൗസുകള്‍, ബന്ധപ്പെട്ട വാഹനങ്ങള്‍ എന്നിവയിലാണ് സംവിധാനം ആദ്യം നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Most Popular