Saturday, September 25, 2021
Home Gulf Saudi Arabia കോവിഡ് പരിശോധനയ്ക്ക് റാപിഡ് ടെസ്റ്റ് അംഗീകരിക്കാനാവില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം

കോവിഡ് പരിശോധനയ്ക്ക് റാപിഡ് ടെസ്റ്റ് അംഗീകരിക്കാനാവില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: കോവിഡ് പരിശോധനക്ക് സ്രവ, ആന്റിബോഡി റാപിഡ് ടെസ്റ്റുകള്‍ ശുപാര്‍ശ ചെയ്യില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം. പിസിആര്‍ ടെസ്റ്റിന് വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും സൗദി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അത്തരം ടെസ്റ്റകള്‍ വഴി ഇതുവരെ കോവിഡ് വൈറസിനെ കൃത്യമായി കണ്ടുപിടിക്കാനായിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു. പ്രതിരോധ ശേഷിയെ കുറിച്ചറിയാനോ വൈറസ് സാന്നിധ്യം കണ്ടുപിടിക്കാനോ ഉപയോഗിക്കുന്നുണ്ടെങ്കിലും രോഗനിര്‍ണയത്തിനത് ഫലപ്രദമാണെന്ന് ഇന്നുവരെ തെളിഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ ഈ ഘട്ടത്തില്‍ മന്ത്രാലയം അതിനെ അനുകൂലിക്കില്ല. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സംഘടനകളോ മറ്റു ആരോഗ്യ ഗവേഷണ കേന്ദ്രങ്ങളോ ഇതിനെ രോഗനിര്‍ണയത്തിനുള്ള പരിശോധനയായി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൃത്യമായ മാര്‍ഗങ്ങളും രീതികളുമാണ് രോഗനിര്‍ണയത്തിന് ആവശ്യമുള്ളത്. പിസിആര്‍ ടെസ്റ്റ് മാത്രമാണ് സൗദി അറേബ്യ അംഗീകരിക്കുന്നത്. അതിന് വിപുലമായ സൗകര്യങ്ങള്‍ സൗദിയുടെ എല്ലാ ഭാഗങ്ങളിലും ഒരുക്കിയിട്ടുണ്ട്. നേരിട്ടും ആപുകള്‍ വഴി ബുക്ക് ചെയ്തും ഇത്തരം കോവിഡ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ചെന്നാല്‍ സ്രവമെടുത്ത് പരിശോധന നടത്തുന്നുണ്ടെന്നും അതാണ് എല്ലാവരും ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 25 മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. പിസിആര്‍ ടെസ്റ്റ് ഫലം ലഭിക്കാന്‍ വൈകുമെന്നതും ചെലവ് കൂടുതലാണെന്നതും കാരണം റാപിഡ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്നും കേരളം അറിയിച്ചിരുന്നു. എന്നാല്‍, സൗദി ആരോഗ്യമന്ത്രാലയം ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ സൗദിയില്‍ നിന്നുള്ള പ്രവാസികളുടെ മടക്കയാത്ര ആശങ്കയിലായിരിക്കുകയാണ്.

Most Popular