റിയാദ്: ഫലസ്തീനുമായി അന്ത്രാഷ്ട്ര അംഗീകാരമുള്ള സമാധാന കരാര്‍ ഒപ്പുവയ്ക്കാതെ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ. ഇക്കാര്യത്തില്‍ യുഎഇയുടെ പാത പിന്തുടരില്ലെന്നും സൗദി അറിയിച്ചു.
കഴിഞ്ഞയാഴ്ച്ചയാണ് യുഎസ് മധ്യസ്ഥതയില്‍ യുഎഇ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയത്. ഇങ്ങിനെ ചെയ്യുന്ന ആദ്യ ഗള്‍ഫ് രാജ്യമായിരുന്നു യുഎഇ. ഇതേ തുടര്‍ന്ന് സൗദി അറേബ്യ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളും ഇതേ പാത പിന്തുടരുമെന്ന് റിപോര്‍ട്ടുകള്‍ വന്നിരുന്നു.
അമേരിക്കന്‍ സമ്മര്‍ദ്ദം തുടരുന്നതിനിടെ ദിവസങ്ങള്‍ നീണ്ട മൗനത്തിനൊടുവിലാണ് ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനുള്ള സാധ്യത സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് തള്ളിക്കളഞ്ഞത്.
ഫലസ്തീനുമായുള്ള സമാധാനം സാധ്യമാവേണ്ടതുണ്ട്. അന്താരാഷ്ട്ര കരാര്‍ എന്ന ഉപാധിയോട് കൂടിയായിരിക്കണം ബന്ധം സാധാരണ നിലയിലാക്കേണ്ടത്- ബെര്‍ലിന്‍ സന്ദര്‍ശനത്തിനിടെ ഫൈസല്‍ രാജകുമാരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യുഎഇ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുകയും വിശാലമായ സഹകരണത്തിന് തുടക്കമിടുകയും ചെയ്ത പാത സൗദി അറേബ്യയും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.
ഇസ്രായേലിന്റെ ഏകപക്ഷീയമായ അധിനേവശവും അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ വീടുകള്‍ പണിയുന്നതും നിയമവിരുദ്ധവും ദ്വിരാഷ്ട്ര സര്‍ക്കാര്‍ പരിഹാരത്തിന് തടസ്സവുമാണെന്ന് ഫൈസല്‍ രാജകുമാരന് ആവര്‍ത്തിച്ചു. എന്നാല്‍, യുഎഇ ഉണ്ടാക്കിയ കരാറിനെ പൂര്‍ണമായി തള്ളിക്കളയാനും അദ്ദേഹം തയ്യാറായില്ല. ഇസ്രായേല്‍ അധിനിവേശത്തെ തടയാനുള്ള ഏതൊരു ശ്രമത്തെയും പോസ്റ്റീവായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
No Israel deal without Palestinian peace, says Saudi Arabia