Friday, June 18, 2021
Home Gulf Saudi Arabia വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആളില്ല

വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആളില്ല

ദമ്മാം: നിരക്കിളവ് ഉള്‍പ്പെട് ആകര്‍ഷക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടും സൗദി അറേബ്യയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലേക്ക് പോകാന്‍ ആളില്ലെന്ന് റിപോര്‍ട്ട്. പല പ്രമുഖ സംഘടനകളും യാത്രക്കാരെ ലഭിക്കാത്തത് മൂലം സര്‍വീസുകള്‍ ഉപേക്ഷിക്കുകയാണ്. കൊവിഡ് മഹാമാരിയുടെ ഭീതിജനകമായ സാഹചര്യത്തില്‍ നോര്‍ക്കയിലും ഇന്ത്യന്‍ എംബസിയിലും രജിസ്റ്റര്‍ ചെയ്ത ഭൂരിഭാഗം ആളുകളും നാട്ടിലേക്ക് മടങ്ങാന്‍ ഇപ്പോള്‍ തയ്യാറാവുന്നില്ല. ഏറ്റവും സുരക്ഷിതമായ സ്ഥലം നിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ തന്നെയാണെന്നാണ് പ്രവാസികള്‍ കരുതുന്നത്. നാട്ടിലെ ക്വാരന്റീന്‍ കഷ്ടപ്പാടും സൗദിയില്‍ നിന്നു നാട്ടിലേക്ക് മടങ്ങുകയാണെങ്കില്‍ എന്ന് തിരിച്ചുവരാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തതും അവധിക്കു പോകാന്‍ ആഗ്രഹിക്കുന്നവരെപോലും പിന്തിരിപ്പിക്കുകയാണ്.

ആദ്യഘട്ടം 2500 റിയാല്‍ വാങ്ങിയിരുന്ന പല പ്രമുഖ സംഘടനകളും ഇപ്പോള്‍ അത് 1500 റിയാലിലേക്ക് ചുരുക്കിയും കൂടുതല്‍ ലഗേജ് അനുവദിച്ചും യാത്രക്കാരെ ആകര്‍ഷിക്കാന്‍ ശ്രമിച്ചിട്ടും വിജയിക്കുന്നില്ല. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കരാര്‍ ഉറപ്പിച്ചാല്‍ അത് റദ്ദാക്കിയാല്‍ ഭീമമായ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഈ സാഹചര്യത്തില്‍ സംഘടനകലും ട്രാവല്‍ ഏജന്‍സികളും പുലിവാല് പിടിച്ച അവസ്ഥയിലാണ്.

കിഴക്കന്‍ പ്രവിശ്യയിലെ പല പ്രമുഖ കമ്പനികളും അവരുടെ ജോലിക്കാരെ സ്വന്തമായി ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് നാട്ടിലെത്തിച്ചത്. ഇതിനിടയില്‍ പല സ്വകാര്യ വ്യക്തികളും കച്ചവട കണ്ണോടെ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തു നിരവധിയാളുകളെ നാട്ടിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ തന്നെ ഏകദേശം 25 ഓളം സര്‍വീസുകള്‍ക്ക് കേരള സര്‍ക്കാര്‍ തന്നെ അനുമതി നല്‍കിയെങ്കിലും പല സര്‍വ്വീസുകള്‍ക്കും മതിയായ യാത്രക്കാരെ ലഭിക്കാത്തത് മൂലം ഇതിനകം റദ്ദു ചെയ്തതായാണ് അറിവ്. ചില സംഘടനകള്‍ പൂര്‍ണമായും സൗജന്യമായി യാത്രക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. മറ്റു ചിലര്‍ കുറച്ചു പേര്‍ക്കെങ്കിലും സൗജന്യമായി ടിക്കറ്റ് നല്‍കി വിമാനം സജ്ജീകരിക്കാനും തയ്യാറെടുത്തു വരുന്നു.

നിയമ ലംഘനങ്ങളില്‍ അകപ്പെട്ടവരും കേസുകളില്‍ കുടുങ്ങി ജാമ്യത്തില്‍ കഴിയുന്നവരും ഹുറൂബ്, മത്ത്ലൂബ് തുടങ്ങി നിയമ കുരുക്കുകളില്‍ അകപ്പെട്ടവരും നാടണയുന്നതിനായി കാത്തിരിക്കുന്നുണ്ട്. നിയമക്കുരുക്കിലായവരെ നാട്ടിലെത്തിക്കാന്‍ കഴിയണമെങ്കില്‍ ഇത്തരം ആളുകള്‍ക്ക് അവരുടെ യാത്രാ രേഖകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

Most Popular