Friday, August 6, 2021
Home Newsfeed ഹജ്ജ് തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്‌സിനു പുറമേ മറ്റ് കുത്തിവയ്പ്പുകള്‍ വേണ്ട

ഹജ്ജ് തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്‌സിനു പുറമേ മറ്റ് കുത്തിവയ്പ്പുകള്‍ വേണ്ട

മക്ക: ഈ വര്‍ഷത്തെ ഹജ് തീര്‍ഥാകര്‍ക്കു കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് മാത്രം മതിയെന്ന് ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിന് പുറമേ മറ്റ് കുത്തിവയ്പ്പുകള്‍ ആവശ്യമാണോയെന്ന് ട്വിറ്ററിലൂടെ ലഭിച്ച അന്വേഷണത്തിന് മറുപടിയായായാണ് മന്ത്രാലയം ഇതു വ്യക്തമാക്കിയത്. അതേസമയം , കോവിഡ് വാക്‌സിനേഷന്‍ രണ്ടു ഡോസും സ്വീകരിക്കല്‍ നിര്‍ബന്ധമാണ്.

മഞ്ഞപ്പിത്തത്തിന് ഉള്‍പ്പെടെയുള്ള പ്രതിരോധ വാക്‌സിനുകള്‍ ഹജ് തീര്‍ഥാകര്‍ക്കു നേരത്തെ നിര്‍ബന്ധമായിരുന്നു. ഹജ് അപേക്ഷ സമര്‍പ്പിക്കാന്‍ ഒരു ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കും അനുമതി നല്‍കിയിരുന്നു. ഇത്തരക്കാര്‍ക്ക് അപേക്ഷ പരിഗണിക്കപ്പെട്ട് 48 മണിക്കൂറിനകം രണ്ടാം ഡോസ് എടുക്കുന്നതിന് അതത് കേന്ദ്രങ്ങളില്‍ അവസരം സൃഷ്ടിക്കുകയായിരുന്നു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി രണ്ടു ഡോസ് വാക്‌സീനുകളും സ്വീകരിച്ചു തവക്കല്‍നയില്‍ പൂര്‍ണമായും പ്രതിരോധ ശേഷി നേടി എന്ന സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നവര്‍ക്കാണു മക്കയിലേക്കു പ്രവേശനം അനുവദിക്കുക. ഹജ് തീര്‍ഥാടകര്‍ക്ക് പുറമെ ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഹജ് ബുക്കിങ് റദ്ദാക്കുന്നവര്‍ക്ക് 48 മണിക്കൂറിനകം പണം തിരികെ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Most Popular