യ​മ​നി​ല്‍ ‘റി​യാ​ദ്​ ക​രാ​ര്‍’​ ന​ട​പ്പാ​ക്കു​ന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി; പുതിയ ഗവണ്‍മെന്റ് ഉടന്‍ രൂപവത്കരിക്കും

riyadh agreement

ജിദ്ദ: ആഭ്യന്തര സംഘര്‍ഷം നേരിടുന്ന യമനില്‍ പുതിയ ഗവണ്‍മെന്റ് ഉടന്‍ രൂപവത്കരിക്കും. അതോടൊപ്പം രാഷ്ട്രീയ സ്ഥിരതക്കും സമാധാനത്തിനും ആവിഷ്‌കരിച്ച ‘റിയാദ് കരാര്‍’നടപ്പാക്കുന്നത് ത്വരിതപ്പെടുത്താനുള്ള നടപടി പൂര്‍ത്തിയാക്കിയതായി സഖ്യസേന അറിയിച്ചു. കരാറിലെ സൈനിക, സുരക്ഷ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണവും പൂര്‍ത്തിയായി.

പുതിയ ഗവണ്‍മെന്റ് ഉടന്‍ രൂപവത്കരിക്കും. നിലവിലെ താല്‍ക്കാലിക ഗവണ്‍മെന്റില്‍ അംഗങ്ങളായ മന്ത്രിമാര്‍ ഉള്‍പ്പെടെ മന്ത്രിസഭയില്‍ 24 അംഗങ്ങളുണ്ടാവും. യമനിലെ വ്യത്യസ്ത രാഷ്ട്രീയ ചിന്താധാരകളെ പ്രതിനിധാനം ചെയ്യുന്നവരാകും അംഗങ്ങള്‍. സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിലെ മന്ത്രിമാരും വിവിധ യമന്‍ രാഷ്ട്രീയ കക്ഷികളിലെ പ്രതിനിധികളും ഇതിലുള്‍പ്പെടും. അബ്യാന്‍ മേഖല വിഭജനത്തിനും സൈനിക പുനര്‍വിന്യാസത്തിനും തുടര്‍ന്നും മേല്‍നോട്ടം വഹിക്കുമെന്നും സഖ്യസേന അറിയിച്ചു.

വ്യാഴാഴ്ച്ച മുതല്‍ ഇതിന്റെ നടപടികള്‍ ആരംഭിച്ചു. ഏദനില്‍നിന്ന് പ്രവിശ്യക്ക് പുറത്തേക്കും സൈനികരെ വിന്യസിക്കും. സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനും തീവ്രവാദ സംഘടനകളോട് പോരാടുന്നതിനും സുരക്ഷ യൂനിറ്റുകളെ സഹായിക്കാനും സംഖ്യസേന യമനില്‍ തുടരും. സൈനികമായ വേര്‍തിരിക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഒരാഴ്ചക്കുള്ളില്‍ ഗവണ്‍മെന്റ് രൂപവത്കരണം സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും സഖ്യസേന വൃത്തങ്ങള്‍ അറിയിച്ചു.