ദമാം: ജോലി ചെയ്തിരുന്ന മാന്‍ പവര്‍ സപ്ലൈ കമ്പനിയുമായുള്ള തര്‍ക്കം പരഹരിച്ച് മൂന്ന് മലയാളികളടക്കം നാല് ഇന്ത്യന്‍ വനിതകള്‍ നാട്ടിലേക്ക് മടങ്ങി. മലയാളികളായ ടി എസ് നിഷ, എം സുമ, കെ കുഞ്ഞിമാളു, തമിഴ്നാട് കുഞ്ഞരം വില്ലേജ് സ്വദേശിനിയായ ആര് തേന്മൊഴി എന്നിവരാണ് ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ നാടണഞ്ഞത്.
നിഷ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിനിയും സുമ കോഴിക്കോട് ജില്ല തിക്കോടി സ്വദേശിനിയും കുഞ്ഞിമാളു ആലപ്പുഴ ജില്ല കളിയംകുളം സ്വദേശിനിയുമാണ്. നാലുപേരും ദമാമിലെ ഒരു മാന്‍പവര്‍ സപ്ലൈ കമ്പനിയില്‍ ക്ലീനിങ് തൊഴിലാളികളായിരുന്നു. ഏഴു വര്‍ഷത്തോളമായി അതേ കമ്പനിയില്‍ ജോലി ചെയ്തുവരവെയാണ് കോവിഡ് പ്രതിസന്ധി ഉണ്ടായത്. കമ്പനിയില്‍ തൊഴില്‍ ഇല്ലാതായ ഇവര്‍ നാലുപേരും ജോലി മതിയാക്കി നാട്ടില്‍ പോകാന്‍ അപേക്ഷ നല്കി. കരാര്‍ കാലാവധിയൊക്കെ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും കമ്പനി ഇവര്‍ക്ക് എക്സിറ്റോ, മറ്റു സര്‍വീസ് ആനുകൂല്യങ്ങളോ, വിമാനടിക്കറ്റോ നല്കാന് തയാറായില്ല.
തുടര്‍ന്നാണ് ഇവര്‍ നവയുഗവുമായി ബന്ധപ്പെടുന്നത്. വനിതാവേദി പ്രസിഡന്റ് അനീഷ കലാമും കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടനും ചേര്‍ന്ന് കമ്പനി അധികൃതരെ നേരിട്ട് കണ്ടു ചര്‍ച്ചകള്‍ നടത്തി. ആദ്യം സഹകരിക്കാന്‍ തയാറായില്ലെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ എംബസി മുഖേന നിയമപരമായ നടപടികളിലേക്ക് നീങ്ങുമെന്നും കേസ് ഫയല്‍ ചെയ്യുമെന്നും ഉള്ള ശക്തമായ നിലപാട് എടുത്തതോടെ കമ്പനി അധികൃതര്‍ ഒത്തുതീര്‍പ്പിനു തയാറായി.
അങ്ങനെ നാലുപേരുടെയും സര്‍വീസ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഫൈനല്‍ എക്സിറ്റും, വിമാനടിക്കറ്റും കമ്പനി അധികൃതര്‍ കൈമാറുകയായിരുന്നു.