Thursday, June 17, 2021
Home Gulf Saudi Arabia റിയാദില്‍ നിയമക്കുരുക്കില്‍ പെട്ട തിരുവനന്തപുരം സ്വദേശിയെ നാട്ടില്‍ എത്തിച്ചു

റിയാദില്‍ നിയമക്കുരുക്കില്‍ പെട്ട തിരുവനന്തപുരം സ്വദേശിയെ നാട്ടില്‍ എത്തിച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ വന്ന് നിയമ കുരുക്കില്‍പ്പെട്ട തിരുവന്തപുരം സ്വദേശിയെ കേളി കലാ സാംസ്‌കാരിക വേദി, ബദിയ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു.

വര്‍ക്കല, നടയറ സ്വദേശിയായ യൂനിസ് കുഞ്ഞ് നാസര്‍ റബുവ്വ, ഖലീജിയയില്‍ ജോലി ചെയ്ത് വരവേ സുഹൃത്തിന്റെ പമിടപാടില്‍ ജാമ്യം നിന്ന് വഞ്ചിക്കപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇഖാമ ‘മത്‌ലൂബ് ‘ ആവുകയും പുതുക്കാന്‍ കഴിയാതെ വരികയും ചെയ്തു. സ്‌പോണ്‍സറും കയ്യൊഴിഞ്ഞതോടെയാണ് കേളി കലാ സാംസ്‌കാരിക വേദി, ബദിയ ഏരിയാ കമ്മറ്റി ഇടപെട്ട് നാട്ടിലെത്തിച്ചത്.

5 വര്‍ഷത്തോളമായി പല മാര്‍ഗ്ഗങ്ങളിലൂടെയും ശ്രമിച്ചെങ്കിലും ഇഖാമ പുതുക്കാനോ, നാട്ടില്‍ പോകാനോ സാധിക്കാതെ വരികയും, ആറുമാസമായി അസുഖ ബാധിതനായി ചികിത്സയിലിരിക്കുകയും ചെയ്ത അവസരത്തിലാണ് തന്നെ കേസില്‍ നിന്ന് മുക്തനാക്കി നാട്ടിലെത്തിക്കുന്നതിന്ന് ഭീമമായ തുക ആവശ്യമായി വന്നിരിക്കുന്നുവെന്നും നാട്ടില്‍ പോകാന്‍ സഹായിക്കണം എന്ന് പറഞ്ഞു നാസറും സുഹൃത്തുക്കളും കേളി പ്രവര്‍ത്തകരെ സമീപിക്കുന്നത്.

ബദിയ ഏരിയ കമ്മിറ്റിയുടെയും, കേളി ജീവകാരുണ്യ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിക്കുകയും കോടതിയില്‍ കെട്ടിവെക്കാനുള്ള ഭീമമായ തുക സുമനസ്സുകളുടെ സഹായത്തോടെ കണ്ടെത്തുകയും ചെയ്തു. ബദിയയിലെ മലയാളി സംരംഭകനായ ബാബു ജെസ്‌കൊയുടെ ലീഗല്‍ അഡൈ്വസര്‍ ജമാന്‍ ഫൈസല്‍ ഗഹത്താനിയുടെ സഹായത്താല്‍ തുക കോടതിയില്‍ കെട്ടിവെച്ചു നിയമകുരുക്കില്‍ നിന്നും ഒഴിവാക്കി. തുടര്‍ന്ന് എക്‌സിറ്റ് അടിക്കാനായി എംബസിയെ സമീപിച്ച് ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ ചെന്നപ്പോഴാണ് റെന്റ് എ കാര്‍ എടുത്ത വകയില്‍ 17000 റിയാല്‍ റെന്റ് എ കാര്‍ കമ്പനിക്ക് നാസര്‍ കൊടുക്കാന്‍ ഉണ്ടെന്നും അത് കൊടുക്കാതെ എക്‌സിറ്റ് കിട്ടില്ലെന്നുമറിയുന്നത്. തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട റെന്റ് എ കാര്‍ കമ്പനിയുമായുള്ള ചര്‍ച്ചക്ക് ശേഷം 3000 റിയാല്‍ നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാം എന്ന് സമ്മതിക്കുകയായിരുന്നു. കമ്പനിയില്‍ അടക്കാനുള്ള 3000 റിയാലും കോടതി ചെലവും ബാബു ജെസ്‌കോ തന്നെ വഹിക്കുകയും തുടര്‍ന്ന് എക്‌സിറ്റ് അടിച്ച് കിട്ടുകയുമായിരുന്നു. കേളി ബദിയ ഏരിയ കമ്മിറ്റി നാട്ടിലേക്കുള്ള ടിക്കറ്റ് നല്‍കുകയും യുനിസ് കുഞ്ഞ് നാസറിനെ വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിക്കുകയും ചെയ്തു.

ബദിയയില്‍ വെച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ലളിതമായി നടന്ന യാത്രയയപ്പ് ചടങ്ങില്‍ വെച്ച് ഏരിയ ജോയിന്റ് സെക്രട്ടറി കിഷോര്‍ ഇ നിസാം ടിക്കറ്റ് നാസറിന് കൈമാറി. ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി നടന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കേളി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത്, ഏരിയ രക്ഷാധികാരി കണ്‍വീനര്‍ അലി കെ വി, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ മധു പട്ടാമ്പി, ജനകീയ കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍, കണ്‍വീനര്‍ സത്യവാന്‍, കേളി സുവേദി യുണിറ്റ് സെക്രട്ടറി സുധീര്‍ സുല്‍ത്താന്‍, ട്രഷറര്‍ നിയാസ്, ഏരിയ ജീവകാരുണ്യ കമ്മറ്റി ചെയര്‍മാന്‍ ജാര്‍നെറ്റ് നെല്‍സന്‍ എന്നിവര്‍ സംസാരിച്ചു. യൂനിസ് കുഞ്ഞ് നാസര്‍ നന്ദി പറഞ്ഞു.

Most Popular