Tuesday, July 27, 2021
Home Newsfeed 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനൊരുങ്ങി സൗദിയും

12 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനൊരുങ്ങി സൗദിയും

റിയാദ്: 12 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്സിന്‍ വിതരണം ചെയ്യുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അതിവേഗം സാമൂഹിക പ്രതിരോധ ശേഷി ആര്‍ജ്ജിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. യുഎഇ, ഖത്തര്‍, കുവൈത്ത് തുടങ്ങി മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കു പിന്നാലെയാണ് കൗമാരക്കാര്‍ക്ക് വാക്സിന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ച് സൗദിയും രംഗത്തെത്തിയത്.

കൗമാരക്കാരില്‍ വാക്സിന്‍ വിതരണത്തിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ അനുമതി ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. നേരത്തേ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഫൈസര്‍ വാക്സിന്‍ എടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. വാക്സിന്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന കൗമാരക്കാര്‍ക്ക് സിഹത്തീ, തവക്കല്‍നാ ആപ്ലിക്കേഷനുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം.

രാജ്യത്ത് വാക്സിന്‍ സ്വീകരിച്ച ആരും ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 587 വിതരണ കേന്ദ്രങ്ങളിലൂടെ ഇതിനകം 17.2 ദശലക്ഷം ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. വാക്സിന്‍ എടുക്കാന്‍ യോഗ്യരായവരില്‍ 70 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും ഇതിനകം ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

Most Popular