
ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തിന് സഹായവുമായി സൗദി അറേബ്യ
മ്യാന്മര് ഭരണകൂടം പൗരത്വം നിഷേധിച്ച റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തിന് സഹായവുമായി സൗദി അറേബ്യ. ബംഗ്ലാദേശില്‍ കഴിഞ്ഞുവരുന്ന ഒരു ലക്ഷത്തോളം അഭയാര്‍ഥികള്‍ക്ക് ഭവനം നിര്‍മ്മാണം നടത്തുന്നതിനായി യു.എസുമായി ചേര്‍ന്നാണ് സൗദി അറേബ്യ സഹായ പദ്ധതി നടപ്പിലാക്കുന്നത്. മ്യാന്മര് ഭരണകൂടം പുറത്താക്കിയതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ അഭയാര്‍ഥികളായി കഴിഞ്ഞു വരുന്ന റോഹിങ്ക്യന്‍ വംശജര്‍ക്കാണ് സഹായം.
ബംഗ്ലാദേശിലെ കോക്സ് ബസാര്‍ ജില്ലയില്‍ ഇവര്‍ക്കായി മള്‍ട്ടി യൂസ് വീടുകള്‍ നിര്‍മ്മിച്ച് പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി. ഇതിനായി സൗദി ഇരുപത് ലക്ഷം ഡോളര്‍ നല്‍കും. സൗദി അറേബ്യയുടെ അന്താരാഷ്ട്ര ചാരിറ്റി ഓര്‍ഗനൈസേഷനായ കിംഗ് സല്മാന് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററിന് കീഴിലാണ് സഹായം നല്‍കുക. അമേരിക്കയുടെ അന്താരാഷ്ട്ര വികസന ഏജന്‍സി യു.എസ്.എ.ഐ.ഡിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഇത് സംബന്ധിച്ച കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു. കെ.എസ് റിലീഫ് സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍ റബീഹ്, യു.എസ്.എ.ഐ.ഡി ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ജോണ്‍ ബര്‍സ എന്നിവര്‍ ചേര്‍ന്നാണ് കരാര്‍ ഒപ്പിട്ടത്.