Tuesday, June 22, 2021
Home Gulf സൗദി അറേബ്യയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം നടപ്പാക്കുന്നു

സൗദി അറേബ്യയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം നടപ്പാക്കുന്നു

ജിദ്ദ: സൗദി അറേബ്യയില്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നു. നിയമം, വിദ്യാഭ്യാസം, റെസ്‌റ്റോറന്റുകള്‍, കഫേകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നീ രംഗത്തെ ജോലികളില്‍ സ്വദേശിവത്കരണം ഉടന്‍ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എന്‍ജി. അഹ്‌മദ് അല്‍രാജിഹി പറഞ്ഞു. കരാറുകാരുടെയും കണ്‍സല്‍ട്ടിങ് പ്രഫഷനലുകളുടെയും ദേശീയ സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്വദേശികള്‍ക്ക് എല്ലാ വകുപ്പുകളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനുള്ള ശ്രമം തുടരുകയാണ്. യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ ശാക്തീകരിക്കാനും ഒഴിവുസമയങ്ങളില്‍ തൊഴില്‍വിപണിയില്‍ അവരെ ഉള്‍പ്പെടുത്താനും ശ്രമിക്കും. മന്ത്രാലയങ്ങള്‍, അര്‍ധ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, സ്വകാര്യമേഖലയുമായി കരാറുണ്ടാക്കിയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സെക്യൂരിറ്റി ജോലിയിലേര്‍പ്പെടുന്നവരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചിരിക്കുന്നു. കരാര്‍ബന്ധം മെച്ചപ്പെടുത്തുന്ന പദ്ധതി സ്വദേശികളുമായി കരാറുണ്ടാക്കുന്നത് വര്‍ധിപ്പിക്കുമെന്നും വ്യക്തമാക്കി. സ്വകാര്യമേഖലയുമായി സഹകരിച്ച് തൊഴില്‍ വിപണിക്കാവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്താന്‍ മന്ത്രാലയം ശ്രമിച്ചിട്ടുണ്ട്. ഇതിനായി നിരവധി ശില്‍പശാലകള്‍ സംഘടിപ്പിച്ചു. സൗദിയിലെ തൊഴില്‍വിപണി വികസിപ്പിക്കുക, അതിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക, ആഗോള തൊഴില്‍വിപണികളെ ആകര്‍ഷിക്കുക, ഉയര്‍ന്ന മത്സരശേഷിയുണ്ടാക്കുക, കഴിവുള്ളവരെ വിപണിയിലേക്ക് ആകര്‍ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണിതെല്ലാം.

 

Most Popular