Thursday, September 16, 2021
Home Gulf Saudi Arabia ഇസ്രായേലിനും യുഎഇക്കും ഇടയില്‍ ആകാശപാത തുറന്നുകൊടുത്ത് സൗദി

ഇസ്രായേലിനും യുഎഇക്കും ഇടയില്‍ ആകാശപാത തുറന്നുകൊടുത്ത് സൗദി

റിയാദ്: യുഎഇയിലേക്കു വരുന്നതും ഇവിടുന്നു പുറപ്പെടുന്നതുമായ വിമാനങ്ങള്‍ക്കു സൗദിയുടെ ആകാശ പാത തുറന്നു നല്‍കിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. യുഎഇ സിവില്‍ വ്യോമയാന അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് നടപടി. ഇസ്രായേലില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചും തങ്ങളുടെ രാജ്യത്തിനു മുകളിലൂടെ പറക്കുന്നതിന് അവസരമൊരുക്കാനാണ് സൗദിയുടെ നടപടി.

എന്നാല്‍ ആകാശപാത തുറന്നു നല്‍കിയെങ്കിലും പലസ്തീന്‍ പ്രശ്നത്തില്‍ സൗദിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ഇസ്രായേലുമായി യുഎഇ നയതന്ത്രബന്ധം സ്ഥാപിച്ച പശ്ചാത്തലത്തിലാണ് വിശദീകരണം.

ഇതാദ്യമായാണ് ഇസ്രായേലി വാണിജ്യ വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുകൊടുക്കുന്നത്. തിങ്കളാഴ്ച്ച സൗദിക്കു മുകളിലൂടെയാണ് ടെല്‍ അവീവില്‍ നിന്നുള്ള വിമാനം അബൂദബിയിലെത്തിയത്. സൗദി വ്യോമപാത തുറന്നുകൊടുക്കുന്നതോടെ നിലവില്‍ ഏഴ് മണിക്കൂര്‍ യാത്ര പകുതിയായി കുറയും.

 

Most Popular