റിയാദ്: ഞായറാഴ്ച്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. വിനോദ പരിപാടികള്‍ക്കും മറ്റ് ഇവന്റുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ നീക്കും. സിനിമാ തിയേറ്ററുകള്‍ തുറക്കും. റസ്റ്റോറന്റുകള്‍, കഫേകള്‍ മുതലായവയില്‍ പാര്‍സല്‍ മാത്രമാക്കിയത് നാളെ മുതല്‍ ഒഴിവാക്കും. ഇവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. റെസ്റ്റോറന്റുകളിലും ഷോപ്പിങ് മാളുകളിലും പ്രവര്‍ത്തിക്കുന്ന വിനോദ, കായിക കേന്ദ്രങ്ങള്‍, ജിംനേഷ്യം തുടങ്ങിയവ പ്രവര്‍ത്തിക്കാവുന്നതാണ്.
എന്നാല്‍ ചില പ്രവര്‍ത്തന മേഖലകള്‍ക്ക് നേരത്തെയുള്ള നിയന്ത്രണങ്ങള്‍ തുടരും. മണ്ഡപത്തിലോ, ഹോട്ടലിനു കീഴിലോ ഉള്ള ഹാളുകളിലോ, ഇസ്തിറാഹകളിലോ നടക്കുന്ന ഇവന്റുകള്‍, പാര്‍ട്ടികള്‍, കല്ല്യണങ്ങള്, കോര്‍പറേറ്റ് മീറ്റിങുകള്‍ എന്നിവക്കുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. സാമൂഹിക പരിപാടികളില്‍ ആളുകളെ എണ്ണം 20 ല്‍ പരിമിതപ്പെടുത്തിയ തീരുമാനവും തുടരും. ഖബറടക്ക ചടങ്ങുകളില്‍ നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങളിലും മാറ്റമില്ല.
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചു വരുന്നത് കണക്കിലെടുത്ത് ഫെബ്രുവരി മൂന്ന് മുതലാണ് ചില മേഖലകളില്‍ ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. സൗദിയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നു നിലനില്‍ക്കുന്ന യാത്രാവിലക്കില്‍ ഇളവ് നല്കുന്നതു സംബന്ധിച്ച് പുതിയ അറിയിപ്പില്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല.