റിയാദ്: പൗരന്മാര്ക്കും പ്രവാസികള്‍ക്കും വിസ, പാസ്പോര്‍ട്ട് അടക്കമുള്ള സേവനങ്ങള്‍ക്ക് പുതിയ ഇലക്ട്രോണിക് ഓണ്‍ലൈന്‍ സംവിധാനവുമായി സൗദി അറേബ്യ. വ്യക്തികള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി അബ്ഷാര്‍ ഇന്ഡിവിഡുവല്സ്, ബിസിനസ് മേഖലയിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അബ്ഷാര്‍ ബിസിനസ്, വന്‍കിട കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി മുഖീം എന്നീ പേരുകളിലാകും സേവനങ്ങള്‍ ലഭ്യമാകുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന് പുറത്തുനിന്ന് കൊണ്ട് പ്രവാസികള്‍ക്ക് ഓണ്‍ലൈനായി റസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കാം. വിസകളുടെ കാലാവധി പുതുക്കുന്നതിനും ഓണ്‍ലൈനായി തന്നെ അപേക്ഷിക്കാം. ജവാസാത്തില്‍ നിന്നുള്ള സൗദി പൗരന്മാരുടെയും വിദേശികളുടെയും നടപടിക്രമങ്ങള്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉപയോഗിച്ച് എളുപ്പമാക്കാനാണ് ജവാസാത്ത് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത്.
പതിനഞ്ചും അതില്‍ കുറവും പ്രായമുള്ള കുട്ടികള്‍ക്ക് പുതിയ പാസ്പോര്‍ട്ട് അനുവദിക്കുക, പാസ്പോര്‍ട്ട് പുതുക്കുക, പ്രൊബേഷന്‍ കാലത്ത് വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്സിറ്റ് വിസ നല്‍കുക, വിദേശങ്ങളില്‍ കഴിയുന്നവരുടെ ഇഖാമ പുതുക്കുക, വിദേശങ്ങളിലുള്ളവരുടെ റീ-എന്‍ട്രി വിസ ദീര്‍ഘിപ്പിക്കുക, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കാര്യങ്ങളില്‍ ജവാസാത്ത് ഡയറക്ടറേറ്റുമായി ആശയവിനിമയം നടത്താന്‍ ഗുണഭോക്താക്കളെ സഹായിക്കുക തുടങ്ങിയ സേവനങ്ങള്‍ പുതുതായി ആരംഭിച്ചിട്ടുണ്ട്.
സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്ട്സിന്റെ പുതിയ സേവനങ്ങളുടെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി അബ്ദുല്‍അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന് നിര്‍വഹിച്ചു. സൗദി പൗരന്മാര്ക്കും വിദേശികള്‍ക്കും സുരക്ഷിതമായ ഓണ്‍ലൈന്‍ സേവനങ്ങള്‍ വികസിപ്പിക്കുന്നത് ആഭ്യന്തര മന്ത്രാലയം തുടരുമെന്ന് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന് പറഞ്ഞു.