Tuesday, May 18, 2021
Home Newsfeed സൗദിയില്‍ രണ്ടാംഡോസ് വാക്‌സിന്‍ നീട്ടിവച്ചതായി അറിയിപ്പ്; നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ ആശങ്കയില്‍

സൗദിയില്‍ രണ്ടാംഡോസ് വാക്‌സിന്‍ നീട്ടിവച്ചതായി അറിയിപ്പ്; നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ ആശങ്കയില്‍

ജിദ്ദ: സൗദിയില്‍ കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് നല്‍കുന്നത് നീട്ടിയതായി അറിയിപ്പ് ലഭിച്ചു തുടങ്ങി. സമൂഹത്തിലെ എല്ലാവര്‍ക്കും ഒന്നാമത്തെ ഡോസ് വാക്സിന്‍ ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിനാണ് രണ്ടാമത്തെ ഡോസ് നീട്ടിവെക്കുന്നതെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ആദ്യ ഡോസ് വാക്സിന്‍ വിതരണം വിപുലമാക്കാനും രണ്ടാം ഡോസ് അപ്പോയിന്റ്മെന്റുകള്‍ നീട്ടിവെക്കാനുമാണ് സമയക്രമം മാറ്റുന്നതെന്ന് മന്ത്രാലയം പറഞ്ഞു.

അതേസമയം, കോവിഡ് വാക്സിന്‍ പൂര്‍ത്തിയാക്കി നാട്ടില്‍ അവധിക്കു പോകാനിരുന്ന പ്രവാസികളെ പുതിയ തീരുമാനം ആശങ്കയിലാക്കി. വിമാന യാത്രയ്ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന നേരത്തേ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നാട്ടില്‍നിന്ന് രണ്ടാമത്തെ ഡോസ് എടുക്കാനാകുമോ എന്ന് പലരും സംശയം ഉന്നയിക്കുന്നുണ്ട്.

നാട്ടിലെത്തിയ പ്രവാസികള്‍ക്ക് അവര്‍ക്ക് തിരിച്ച് ജോലി സ്ഥലങ്ങളിലേക്ക് മടങ്ങേണ്ടതിനാല്‍ വാക്സിനേഷന്‍ മുന്‍ഗണന നല്‍കണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ വിദേശ വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ആ സാഹചര്യത്തില്‍ അടുത്ത ഡോസ് നാട്ടില്‍ നിന്ന് എടുക്കുന്നതിന് അനുമതി ലഭിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാവും.

രണ്ടാമത്തെ ഡോസ് വാക്‌സിനേഷന്‍ തിയ്യതി കണക്കാക്കി യാത്ര തീരുമാനിച്ച നിരവധി പ്രവാസികളുണ്ട്. നിലവില്‍ കോവിഡ് വാക്സിനേഷനെ വിമാന യാത്രയുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ല. എന്നാല്‍, ഖത്തര്‍ എയര്‍വെയ്‌സ് പോലുള്ള ചില വിമാന കമ്പനികള്‍ യാത്രയ്ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്.

Most Popular