Monday, April 12, 2021
Home News Kerala സൗദിയില്‍ നിന്ന് കരിപ്പൂരിലെത്തിയ പ്രവാസിയെ തട്ടിക്കൊണ്ടു പോയി വധിക്കാന്‍ ശ്രമം; നാലു പേര്‍ അറസ്റ്റില്‍

സൗദിയില്‍ നിന്ന് കരിപ്പൂരിലെത്തിയ പ്രവാസിയെ തട്ടിക്കൊണ്ടു പോയി വധിക്കാന്‍ ശ്രമം; നാലു പേര്‍ അറസ്റ്റില്‍

കൊണ്ടോട്ടി: സൗദിയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ തൊട്ടില്‍പ്പാലം സ്വദേശിയെ തട്ടികൊണ്ടു പോയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍. പാറശ്ശേരി മിത്തല്‍ റിയാസിനെ തട്ടിക്കൊണ്ടു പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ വിഗ്രഹം ബഷീറും ഭാര്യാ പിതാവും മരുമകനുമടക്കം നാലു പേരെയാണ് കൊണ്ടോട്ടി സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഈ മാസം 17 നായിരുന്നു കേസിനാസ്പദമായ സംഭവം.

താമരശ്ശേരി കണ്ണീരുപ്പില്‍ ഫസല്‍ (31) എന്ന ഗുണ്ടാ ഫസല്‍, നിരവധി കേസുകളില്‍ പ്രതിയായ മലപ്പുറം മമ്പാട് കച്ചേരിക്കുനിനിയില്‍ മുഹമ്മദ് ബഷീര്‍ എന്ന വിഗ്രഹം ബഷീര്‍ (45), കോരക്കാട് ഇഷല്‍ മന്‍സില്‍ അബ്ദുള്‍ നാസര്‍ (46), താമരശ്ശേരി ചെമ്പായി മുഹമ്മദ് എന്നിവരേയാണ് തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച വാഹനം സഹിതം പിടികൂടിയത്.

ഇവരില്‍ നിന്നു രണ്ട് വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. സൗദിയിലെ സ്വര്‍ണ്ണക്കടത്തു സംഘം സ്വര്‍ണം കടത്തുന്നതിനായി റിയാസിനെ ഉപയോഗിക്കുകയായിരുന്നു. എന്നാല്‍, ഇയാള്‍ ഇവരെ കബളിപ്പിച്ച് സ്വര്‍ണ്ണവുമായി കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടെയാണ് ആറോളം വാഹനങ്ങളിലായി വന്ന സംഘം കൊണ്ടോട്ടി കാളോത്ത് വച്ച് കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടു പോയത്.

തുടര്‍ന്ന് 10 പേര്‍ ചേര്‍ന്ന് ഇയാളെ ഭീകരമായി മര്‍ദ്ദിച്ച് മുക്കം ടൗണില്‍ ഇറക്കി വിട്ടു. പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. സ്വര്‍ണ്ണ കടത്ത് സംഘത്തിലെ മുഖ്യ പ്രതികളിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ വ്യാജ പ്രതികളെ ഈ സംഭവമായി ബന്ധപ്പെട്ട് സ്റ്റേറ്റഷനില്‍ ഹാജരാക്കാനും ശ്രമം നടന്നു.

ഇപ്പോള്‍ പിടിയിലായവരില്‍ നിന്ന് വ്യാജ പ്രതികള്‍ക്ക് നല്‍കാനായി സ്വര്‍ണ്ണ കടത്ത് സംഘത്തലവന്‍ നല്‍കിയ ഒരു ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍ സംഘത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വോഷണം ഊര്‍ജ്ജിതമാക്കി.

പിടിയിലായ ബഷീറിനെതിരെ ആറു കേസുകള്‍ നിലവിലുണ്ട്. തങ്ക വിഗ്രഹം നിധിയായി ലഭിച്ചു എന്നു പറഞ്ഞ് അത് വില്‍ക്കാനായി ആളുകളെ സമീപിച്ച് ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയ സംഭവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍, വണ്ടൂര്‍, കല്‍പ്പറ്റ, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളിലായി പ്രതിയുടെ പേരില്‍ കേസുകളുണ്ട്.

പിടിയിലായ ഫസലിനെതിരെ ഗവ .ഹോസ്പിറ്റലിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ താമരശ്ശേരി സ്റ്റേഷനില്‍ കേസുണ്ട്. വിഗ്രഹം ബഷീര്‍ നിരവധിയാളുകളെ നിധിയുടെ പേരില്‍ പറ്റിച്ച് ഉണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ച് ഗുണ്ടല്‍പേട്ട് ടൗണില്‍ ഒരു ആഡംബര റിസോര്‍ട്ട് നടത്തിയിരുന്നു.

Most Popular