Thursday, July 29, 2021
Home News Kerala ആന്റിബോഡി ടെസ്റ്റിന് അനുമതി തേടി ഇന്ത്യന്‍ എംബസി സൗദി സര്‍ക്കാരിനെ സമീപിച്ചതായി മുഖ്യമന്ത്രി

ആന്റിബോഡി ടെസ്റ്റിന് അനുമതി തേടി ഇന്ത്യന്‍ എംബസി സൗദി സര്‍ക്കാരിനെ സമീപിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ ട്രൂനാറ്റ് പരിശോധനയ്ക്ക് അനുമതി തേടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് ആന്റിബോഡി പരിശോധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി സൗദി സര്‍ക്കാറിന് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ചില ആശുപത്രികളില്‍ റാന്‍ഡം ടെസ്റ്റ് നടത്തിയതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും ഇനി ഇതിനുള്ള അംഗീകാരം ലഭിച്ചാല്‍ മാത്രം മതിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ വിഷയത്തില്‍ എംബസി തന്നെ ഇടപെട്ടത് ആശ്വാസകരവും ശുഭപ്രതീക്ഷ നല്‍കുന്നതുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൗദി വിദേശകാര്യ മന്ത്രാലയം വഴിയാണ് സൗദിയിലെ ഇന്ത്യന്‍ എംബസി അപേക്ഷ സമര്‍പ്പിച്ചത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്തണമെന്നാണ് കത്തിലെ ആവശ്യം. കേരള സംസ്ഥാനം ഏര്‍പ്പെടുത്തിയ പ്രത്യേക നിബന്ധന നടപ്പിലാക്കാന്‍, സൗദിയിലെ സ്വകാര്യ ക്ലിനിക്കുകളില്‍ റാപ്പിഡ് ടെസ്റ്റിന് അനുമതി നല്‍കണമെന്നാണ് കത്തിലെ ആവശ്യം. യാത്രാ ആവശ്യത്തിനുള്ള റാപ്പിഡ് ടെസ്റ്റായതിനാല്‍ കത്തിന് അനുകൂല തീരുമാനമുണ്ടാകും എന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

എംബസിയോട് കേരളം ആദ്യം ചാര്‍ട്ടേഡിന് മാത്രമാണ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള കത്താണ് എംബസി മന്ത്രാലയത്തിന് നല്‍കിയത്. റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി ലഭിച്ചാല്‍ വന്ദേഭാരത് വിമാനത്തില്‍ പോകുന്നവര്‍ക്കും ടെസ്റ്റ് നടത്താന്‍ പ്രായോഗിക തടസ്സമുണ്ടാകില്ല. ഇനി, ഈ മാസം 25ന് അകം മന്ത്രാലയത്തില്‍ നിന്ന് എംബസിക്ക് മറുപടി ലഭിച്ചില്ലെങ്കില്‍ അതുണ്ടാകും വരെ സൗദിയില്‍ തല്‍സ്ഥിതി തുടരാനാണ് സാധ്യത.


 

Most Popular