Sunday, September 26, 2021
Home Gulf Saudi Arabia സൗദിയിലെ ജുബൈലില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

സൗദിയിലെ ജുബൈലില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജുബൈലില്‍ കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശി മരിച്ചു. ഒറ്റപ്പാലം സ്വദേശി ഉള്ളാട്ടില്‍ വട്ടോളില്‍ ദയശീലന്‍(65) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജുബൈലിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഗള്‍ഫില്‍ ഇന്നലെ 69 പേരാണ് കോവിഡ് മൂലംമരിച്ചത്. ഏഴായിരത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അതേ സമയം, സൗദി ഉള്‍പ്പെടെയുള്ള മിക്ക ഗള്‍ഫ് രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയില്‍ മാത്രം 1184 ആണ് മരണസംഖ്യ. ഖത്തറില്‍ ഇന്നലെ ഏഴും ഒമാനില്‍ ആറും കുവൈത്തില്‍ അഞ്ചും ബഹ്‌റൈനില്‍ നാലും യു.എ.ഇയില്‍ രണ്ടും പേര്‍ കൂടി കോവിഡിനു കീഴടങ്ങി.

സൗദിയില്‍ രോഗികളുടെ എണ്ണമാകട്ടെ ഒന്നര ലക്ഷം കവിഞ്ഞിരിക്കുന്നു. എങ്കിലും നാളെ മുതല്‍ രാജ്യത്തുടനീളം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് . സൗദിയിലും ഖത്തറിലുമാണ് രോഗികളുടെ എണ്ണം ഉയര്‍ന്ന അനുപാതത്തില്‍ തുടരുന്നത്.

Most Popular