Saturday, June 12, 2021
Home Gulf Saudi Arabia സൗദിയില്‍ കരാര്‍ കാലാവധിക്കിടെ തൊഴില്‍ മാറാന്‍ നഷ്ടപരിഹാരം നല്‍കണം; കാലാവധി പൂര്‍ത്തിയായാല്‍ സ്‌പോണ്‍സറുടെ അനുമതി വേണ്ട

സൗദിയില്‍ കരാര്‍ കാലാവധിക്കിടെ തൊഴില്‍ മാറാന്‍ നഷ്ടപരിഹാരം നല്‍കണം; കാലാവധി പൂര്‍ത്തിയായാല്‍ സ്‌പോണ്‍സറുടെ അനുമതി വേണ്ട

ജിദ്ദ: സൗദിയില്‍ അടുത്ത മാര്‍ച്ച് 14 മുതല്‍ നടപ്പാക്കുന്ന തൊഴില്‍ കരാര്‍ ബന്ധം മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു. തൊഴില്‍ കരാര്‍ കാലാവധിക്കിടെ വിദേശ തൊഴിലാളികളുടെ തൊഴില്‍ മാറ്റത്തിന് നഷ്ടപരിഹാരം നല്‍കല്‍ അടക്കമുള്ള വ്യവസ്ഥകള്‍ ബാധകമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തൊഴില്‍ മാറ്റത്തിന് തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. കരാര്‍ കാലാവധിക്കിടെ തൊഴില്‍ മാറുന്നതിന് 90 ദിവസ നോട്ടീസ് കാലവും മറ്റു വ്യവസ്ഥകളും പാലിക്കല്‍ നിര്‍ബന്ധമാണ്.

സൗദിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം പിന്നിട്ട ശേഷം വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ മാറ്റത്തിന് അവകാശമുണ്ടാകും. ഈ സമയത്ത് കരാര്‍ കാലാവധി പൂര്‍ത്തിയായില്ലെങ്കില്‍ തൊഴില്‍ കരാറില്‍ അനുശാസിക്കുന്ന നഷ്ടപരിഹാര വ്യവസ്ഥ പാലിക്കേണ്ടിവരും. ഇങ്ങിനെ തൊഴില്‍ മാറുന്നതിന് 90 ദിവസ നോട്ടീസ് കാലം പാലിക്കലും നിര്‍ബന്ധമാണ്.

ആദ്യ കരാര്‍ കാലാവധി പൂര്‍ത്തിയായ ശേഷമുണ്ടാക്കുന്ന രണ്ടാമത്തെ തൊഴില്‍ കരാറിലും പിന്നീടുള്ള കരാറുകളിലും ആദ്യ വര്‍ഷം തന്നെ തൊഴില്‍ മാറ്റത്തിന് തൊഴിലാളിക്ക് അവകാശമുണ്ടാകും. തൊഴില്‍ മാറ്റത്തിനുള്ള തൊഴിലാളിയുടെയും പുതിയ തൊഴിലുടമയുടെയും യോഗ്യതാ വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് തൊഴില്‍ മാറ്റം അനുവദിക്കുക. ഈ സാഹചര്യത്തിലും തൊഴില്‍ കരാറില്‍ അനുശാസിക്കുന്ന നഷ്ടപരിഹാര വ്യവസ്ഥയും 90 ദിവസ നോട്ടീസ് കാലം പാലിക്കലും തൊഴിലാളിക്ക് ബാധകമായിരിക്കും.

മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവാ പോര്‍ട്ടല്‍ വഴിയാണ് വിദേശ തൊഴിലാളികളുടെ തൊഴില്‍ മാറ്റത്തിനുള്ള അപേക്ഷ പുതിയ സ്ഥാപനം നല്‍കേണ്ടത്.

തൊഴില്‍ കരാര്‍ കാലാവധിക്കിടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ വഴി റീ-എന്‍ട്രിക്കുള്ള അപേക്ഷ സ്വയം സമര്‍പ്പിക്കാന്‍ പുതിയ റീ-എന്‍ട്രി സേവനം തൊഴിലാളികള്‍ക്ക് അവസരമൊരുക്കും. ഇതേപോലെ തൊഴില്‍ കരാര്‍ കാലാവധിക്കിടെയും കാലാവധി അവസാനിച്ച ശേഷവും ഫൈനല്‍ എക്സിറ്റിന് അബ്ശിര്‍ വഴി നേരിട്ട് അപേക്ഷ നല്‍കാനും തൊഴിലാളിക്ക് സാധിക്കും.

കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് ഫൈനല്‍ എക്സിറ്റ് നേടുന്നതിന് തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ഒപ്പുവെക്കുന്ന തൊഴില്‍ കരാര്‍ അനുശാസിക്കുന്നതു പ്രകാരമുള്ള നഷ്ടപരിഹാര വ്യവസ്ഥ ബാധകമായിരിക്കും. തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന കക്ഷിയാണ് നഷ്ടപരിഹാരം വഹിക്കേണ്ടതെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

ഹൗസ് ഡ്രൈവര്‍, വേലക്കാരി, ഇടയന്‍, തോട്ടം ജോലിക്കാരന്‍, ഹാരിസ് എന്നീ പ്രൊഫഷനുകളില്‍ രാജ്യത്ത് കഴിയുന്നവര്‍ക്ക് പുതിയ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കു മാത്രമാണ് പുതിയ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുക.


 

Most Popular