Saturday, July 24, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ മരിച്ചു

സൗദിയില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് കൊല്ലം, മലപ്പുറം സ്വദേശികളായ രണ്ടു മലയാളികള്‍ മരിച്ചു. വണ്ടൂര്‍ മമ്പാട് താഴത്തങ്ങാടി സ്വദേശി പത്തായകണ്ടി അബ്ദുല്‍ ജലീല്‍ (50), ഓച്ചിറ ക്ലാപ്പന പുതുതെരുവ് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൊച്ചുവീട്ടില്‍ മുജീബ് റഹ്മാന്‍ (44) എന്നിവരാണ് മരിച്ചത്.

ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ ബുധനാഴ്ചയായിരുന്നു അബ്ദുല്‍ ജലീലിന്റെ അന്ത്യം. ജിദ്ദ ബവാദിയില്‍ കര്‍ട്ടണ്‍ കടയില്‍ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ അബൂബക്കര്‍. ഭാര്യ: ഷാനിദാബി. മക്കള്‍: ജസീല്‍ ഫവാദ്, ജിന്‍ഷ ഫാത്വിമ. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ദഅബാന്‍ മഖ്ബറയില്‍ ഖബറടക്കി. സന്നദ്ധ പ്രവര്‍ത്തകന്‍ നൗഷാദ് മമ്പാടിന്റെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഹഫര്‍ അല്‍ ബാത്വിനിലെ ആശുപത്രിയിലാണ് മുജീബ് റഹ്മാന്‍ മരിച്ചത്. ഹഫര്‍ അല്‍ ബാത്വിനില്‍ സഹോദരനോടൊപ്പം സൂപ്പര്‍മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ശ്വാസതടസത്തെ തുടര്‍ന്ന് കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.

നേരത്തെ റിയാദിലെ പെപ്‌സി കമ്പനിയില്‍ 15 വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ജോലി അവസാനിപ്പിച്ച് നാട്ടില്‍ പോവുകയും പുതിയ വിസയിലെത്തി ഏഴ് വര്‍ഷമായി ഹഫര്‍ അല്‍ബാത്വിനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തി വരികയുമായിരുന്നു. മാതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് മാസം മുമ്പ് നാട്ടില്‍ പോയി യാത്രാ നിയന്ത്രണത്തിന് തൊട്ടുമുമ്പ് തിരിച്ചെത്തിയതായിരുന്നു. ഭാര്യ: സജ്ന. മക്കള്‍: മുഹ്സിന, ഷിഫാന.

Most Popular