ദമാം: സൗദിയിലെ അല്‍ഖോബാറില്‍ വാണിജ്യ സ്ഥാപനത്തിന്റെ പാര്‍ക്കിങ് മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തിന്റെ രണ്ടാം ദിവസം ഒരു മൃതദേഹം കണ്ടെത്തി. ബംഗ്ലദേശ് സ്വദേശിയുടെ മൃതദേഹമാണ് ലഭിച്ചത്. അപകടത്തില്‍ നാലു പേര്‍ക്കു പരുക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ തകരുകയും ചെയ്തിരുന്നു. പോലിസിന്റെയും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തുടര്‍ച്ചയായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
പാര്‍ക്കിങിന് ചുറ്റുമുള്ള ടവറുകളില്‍ നിന്ന് ആളുകളെ ഉടന്‍ ഒഴിപ്പിച്ചിരുന്നു. നൂതന സംവിധാനങ്ങളും പോലിസ് നായയെയും ഉപയോഗിച്ചുള്ള ഊര്‍ജിത തിരച്ചില്‍ തുടരുകയുമാണ്. കിഴക്കന്‍ പ്രവിശ്യ ഡപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് അഹ്മദ് ബിന്‍ ഫഹദ് ബിന്‍ സല്മാന് സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നത് വരെ തിരച്ചില്‍ തുടരാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ര് ജനറല്‍ അജാബ് ബിന്‍ സദ്ഹാന്‍ അല്‍ ഹര്‍ബിക്ക് അദ്ദേഹം നിര്‍ദേശം നല്കി.
ഞായറാഴ്ച രാവിലെയായിരുന്നു അപകടം. പാര്‍ക്കിങ് സംവിധാനത്തിന്റെ താഴ്ഭാഗത്തെ മണ്ണിളകി തൂണുകള്‍ വീണതാണ് വാഹനങ്ങളും ഷെഡും പാര്‍ക്കിങ് പ്രതലത്തിന്റെ മുകളിലെ നിലയും തകര്‍ന്നു വീഴാനിടയാക്കിയത്. പരുക്കുകളോടെ രക്ഷപ്പെടുത്തിയ മൂന്നു പേരെ നേരത്തേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നല്‍കിയിരുന്നു. പാര്‍ക്കിങ് ഏരിയ നിലം പതിക്കുന്നതിനു നിമിഷങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ ബേസ്മെന്റിലേക്ക് ഇറങ്ങിപ്പോകുന്നതും അദ്ഭുതകരമായി രക്ഷപ്പെട്ടു കയറിവരുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.