Tuesday, June 22, 2021
Home Newsfeed സൗദിയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പ്രായപരിധി താഴ്ത്തി; മുഴുവന്‍ പേര്‍ക്കും ഉടന്‍ വാക്‌സിന്‍ ലഭിക്കുമെന്ന് അധികൃതര്‍

സൗദിയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പ്രായപരിധി താഴ്ത്തി; മുഴുവന്‍ പേര്‍ക്കും ഉടന്‍ വാക്‌സിന്‍ ലഭിക്കുമെന്ന് അധികൃതര്‍

റിയാദ്: സൗദിയില്‍ രണ്ടാം ഡോസ് കോവിഡ് വാക്സിനേഷന്‍ പ്രായപരിധി താഴ്ത്തി. 60 വയസ്സ് എന്നുള്ളത് 58 വയസ്സാക്കിയാണ് ഇളവ് വരുത്തിയത്. വരും ദിവസങ്ങളില്‍ ഇനിയും ഇളവ് ഉണ്ടാകുമെന്നും രണ്ടാം ഡോസ് വാക്‌സിന്‍ വ്യാപകമായി മുഴുവന്‍ ആളുകള്‍ക്കും ഉടന്‍ ലഭ്യമായിത്തുടങ്ങുമെന്നും അധികൃതര്‍ സൂചന നല്‍കി.

രാജ്യത്തുടനീളം സ്ഥാപിച്ച വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി ഒന്നാം ഡോസ് കുത്തിവയ്പിനു നല്ല പ്രതികരണമാണു ലഭിക്കുന്നത്. കഴിഞ്ഞ ദിവസം വാക്സിന്‍ പൂര്‍ത്തിയാക്കിയവര്‍ ജനസംഖ്യയുടെ പകുതിയോട് അടുക്കുന്നതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അഞ്ചു വിഭാഗം ആളുകള്‍ക്കു മാത്രമാണ് ഇപ്പോള്‍ സൗദിയില്‍ രണ്ടാമത്തെ വാക്സിന്‍ നല്‍കിത്തുടങ്ങിയിട്ടുള്ളത് ഡയാലിസിസിനു വിധേയമാകുന്ന വൃക്ക രോഗികള്‍, കാന്‍സര്‍ രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍, പൊണ്ണത്തടിക്കാര്‍, 60 വയസ് കഴിഞ്ഞവര്‍ എന്നിവരാണവര്‍. ഇളവ് ലഭിക്കുന്ന പ്രായപരിധി കുറച്ച് കൊണ്ടുവരാനാണു അധികൃതരുടെ പദ്ധതി.

2020 ഡിസംബര്‍ 15 മുതലാണ് സൗദിയില്‍ വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങിയത്. ആദ്യഘട്ടത്തില്‍ അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള വിഭാഗങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരുന്നത്. 65 വയസിനു മുകളിലുള്ളവര്‍ക്കായിരുന്നു പ്രഥമ പരിഗണന. എന്നാല്‍ ഇത് 60 വയസിലേക്കും ഇപ്പോള്‍ 58 ലേക്കും കുറച്ചു. രാജ്യത്തെ വാക്‌സിനേഷന്‍ ഉദ്യമം ഇനി മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതോടെ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും വാക്‌സീന്‍ സ്വീകരിക്കാനുള്ള അവസരമാണ് ഒരുങ്ങുക.
ALSO WATCH

 

Most Popular