ഇസ്രായേലുമായുളള എല്ലാ ബന്ധവും സൗദി വിഛേദിച്ചതായി സൂചന

Israel flag with Saudi Arabia flag, 3D rendering

റിയാദ്: ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും സൗദി അറേബ്യ വിഛേദിച്ചതായി റിപ്പോര്‍ട്ട്. രണ്ടു മാസമായി ഇസ്രായേലുമായും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഒരു തരത്തിലുള്ള ബന്ധവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ വെച്ചുപുലര്‍ത്തുന്നില്ല എന്ന് ഈലാഫ് ഓണ്‍ലൈന്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. അമേരിക്ക മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയെങ്കിലും അനുകൂലമായി പ്രതികരിക്കാന്‍ സൗദി തയ്യാറായില്ലെന്ന് ഈലാഫിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രായേല്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ ഇസ്രായേലുമായി കരാറിലേര്‍പ്പെടില്ലെന്ന് സൗദി പറഞ്ഞതായും ഈലാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ട്രംപിന്റെ തെരഞ്ഞെടുപ്പ് പരാജയവും ഇസ്രായേല്‍-സൗദി ബന്ധം തകരാന്‍ കാരണമായെന്നും ഈലാഫ് പറയുന്നു. യു.എ.ഇയും ബഹ്റൈനും ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച പശ്ചാത്തലത്തില്‍ സൗദിയും ആ പാത പിന്തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ സൗദി ടൂറിസ്റ്റ് നഗരമായ നിയോമില്‍ വച്ച് മുഹമ്മദ് ബിന്‍ സല്‍മാനും ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദി സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായി കിരീടാവകാശി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രിയെ രഹസ്യമായി പങ്കെടുപ്പിച്ചത്. സല്‍മാന്‍ രാജാവിനെ പോലും അറിയിക്കാതെയായിരുന്നു ഈ രഹസ്യ കൂടിക്കാഴ്ച്ച. എന്നാല്‍ ഈ വിവരം ഇസ്രായേല്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതാണ് സൗദി കിരീടാവകാശിയെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും കിരീടാവകാശി വിച്ഛേദിക്കുകയായിരുന്നു എന്നാണ് ഈലാഫ് പറയുന്നത്. രഹസ്യ യോഗത്തില്‍ നെതന്യാഹുവിനൊപ്പം മൊസാദ് തലവന്‍ യോസി കോഹനും ഉണ്ടായിരുന്നു. വാര്‍ത്ത ചോര്‍ന്നെങ്കിലും കൂടിക്കാഴ്ച നിഷേധിക്കുകയായിരുന്നു സൗദി ഭരണകൂടം ചെയ്തത്. നെതന്യാഹു ആവട്ടെ വാര്‍ത്ത ശരിവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. ഇസ്രായേല്‍ അനുകൂല നിലപാടിലേക്ക് മാറിവരികയായിരുന്ന സൗദി ഇതേത്തുടര്‍ന്ന് പൊടുന്നനെയാണ് നിലപാട് മാറ്റിയത്. തുടര്‍ന്നാണ് ഫലസ്തീനെ പിന്തുണച്ച് സൗദി രംഗത്തുവരുന്നതും. കിഴക്കന്‍ ജെുസലേം തലസ്ഥാനമായി 1967-ലെ അതിര്‍ത്തികളുടെ അടിസ്ഥാനത്തിലുള്ള സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന് സൗദി പറഞ്ഞിരുന്നു.