Monday, September 27, 2021
Home Gulf Saudi Arabia ഉംറ രണ്ടാംഘട്ടത്തിന് തുടക്കമായി; തീര്‍ഥാടകര്‍ക്കിടയില്‍ കോവിഡ് കേസുകള്‍ ഇല്ല

ഉംറ രണ്ടാംഘട്ടത്തിന് തുടക്കമായി; തീര്‍ഥാടകര്‍ക്കിടയില്‍ കോവിഡ് കേസുകള്‍ ഇല്ല

മക്ക: സൗദിയില്‍ ഞായറാഴ്ച്ച ആരംഭിച്ച ഉംറ തീര്‍ഥാടനത്തിന്റെ രണ്ടാംഘട്ടം വിജയകരമായി പുരോഗമിക്കുന്നു. ണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന രണ്ടാം ഘട്ടത്തില്‍ 2,20,000 പേര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാനും 5,60,000 പേര്‍ക്ക് വിശുദ്ധ ഹറമില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനും അവസരം ലഭിക്കും. കോവിഡ് മൂലം നിര്‍ത്തിവെച്ച ഉംറ തീര്‍ഥാടനം ഒക്‌ടോബര്‍ നാലിന് പുനരാരംഭിച്ചപ്പോള്‍ ആദ്യഘട്ടമായി പ്രതിദിനം 6000 തീര്‍ഥാടകരെയാണ് അനുവദിച്ചിരുന്നത്

തീര്‍ഥാടകരെയും വിശ്വാസികളെയും സ്വീകരിക്കുന്നതിന് ഹറംകാര്യ വകുപ്പ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പ്രകാരം വിശുദ്ധ ഹറമിന്റെ ശേഷിയുടെ 75 ശതമാനം പേര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ ഉംറ നിര്‍വഹിക്കാനും ഹറമില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനും പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്. പ്രതിദിനം ഉംറ നിര്‍വഹിക്കുന്നതിന് 15,000 പേര്‍ക്കും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നതിന് 40,000 പേര്‍ക്കും വീതം പെര്‍മിറ്റുകള്‍ അനുവദിക്കും.

രണ്ടാഴ്ചക്കിടെ ഉംറ തീര്‍ഥാടകര്‍ക്കിടയില്‍ ഒരു കൊറോണ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് പറഞ്ഞു. ഉംറ തീര്‍ഥാടനവും സിയാറത്തും പുനരാരംഭിക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ഈ മാസം നാലിനാണ് ആരംഭിച്ചത്. ‘ഇഅ്തമര്‍നാ’ ആപ്പില്‍ പത്തു ലക്ഷത്തിലേറെ സൗദി പൗരന്മാരും വിദേശികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി പറഞ്ഞു.

മസ്ജിദുന്നബവിയില്‍ റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്താനും ഇന്നു മുതല്‍ അനുമതി നല്‍കുന്നതോടനുബന്ധിച്ച് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ഇന്നലെ മസ്ജിദുന്നബവിയില്‍ ഇശാ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് നമസ്‌കാര ശേഷം ഹറംകാര്യ വകുപ്പ് മേധാവി ഉദ്ബോധനവും നടത്തി.

Most Popular