Wednesday, June 23, 2021
Home Gulf Saudi Arabia പ്രതിഷേധത്തെ തുടര്‍ന്ന് പിടിച്ചുപറി അവസാനിപ്പിച്ച് എയര്‍ ഇന്ത്യ; സൗദിയില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക്...

പ്രതിഷേധത്തെ തുടര്‍ന്ന് പിടിച്ചുപറി അവസാനിപ്പിച്ച് എയര്‍ ഇന്ത്യ; സൗദിയില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് കുറച്ചു

ദമ്മാം: വന്ദേ ഭാരത് മിഷനില്‍ അമിതമായി കൂട്ടിയ ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു. ശനിയാഴ്ച്ച മുതല്‍ സൗദിയില്‍ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കു നടത്തുന്ന സര്‍വീസുകള്‍ക്ക് നിരക്ക് കുറവ് ബാധകമാവും.

രണ്ടാം ഘട്ടത്തില്‍ കൂടിയ നിരക്കിലാണ് ആളുകള്‍ യാത്ര ചെയ്തത്. മൂന്നാം ഘട്ടത്തിലും തുടക്കത്തില്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കിയിരുന്നത്. ടിക്കറ്റ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ച നടപടി വ്യാപക പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ ദിവസം ദമ്മാമില്‍ നിന്നു കണ്ണൂരിലേക്കും കൊച്ചിയിലേക്കും 1770 റിയാലിന് മുകളിലായിരുന്നു ടിക്കറ്റ് നിരക്ക്. ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള നിരക്കും ഇതായിരുന്നു. വെള്ളിയാഴ്ച ജിദ്ദയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാരില്‍ നിന്നും 1700 റിയാല്‍ വീതമാണ് ഈടാക്കിയിരിക്കുന്നത്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പോലും ഇതിനേക്കാള്‍ കുറഞ്ഞ ചാര്‍ജിലാണ് ആളുകളെ നാട്ടിലെത്തിച്ചത്.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ചാണ് വില വര്‍ധിപ്പിച്ചതെന്നായിരുന്നു എയര്‍ ഇന്ത്യയുടെ വിശദീകരണം. എന്നാല്‍, ഇതിനെതിരെ സൗദിയിലെ എല്ലാ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി രംഗത്ത് വന്നിരുന്നു. ശനിയാഴ്ച ദമ്മാമില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വിമാനത്തില്‍ ടിക്കറ്റ് വാങ്ങാനെത്തിയവരില്‍ നിന്ന് കഴിഞ്ഞ ദിവസം 1253 റിയാല്‍ വീതം വാങ്ങിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച ഇവരെ വീണ്ടും വിളിപ്പിച്ച് 350 റിയാല്‍ വീതം തിരികെ നല്‍കി.
നിലവില്‍ ആദ്യത്തെ നിരക്ക് തന്നെയായിരിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Saudi vande bharath ticket fare reduced


 

Most Popular