Sunday, June 13, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് ബാധിച്ച് 7 പേര്‍ കൂടി മരിച്ചു; 1912 പേര്‍ക്ക് കൂടി രോഗം

സൗദിയില്‍ കോവിഡ് ബാധിച്ച് 7 പേര്‍ കൂടി മരിച്ചു; 1912 പേര്‍ക്ക് കൂടി രോഗം

ഷക്കീബ് കൊളക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ ഞായറാഴ്ച 7 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 246 ആയി. പുതുതായി മരണപ്പെട്ട ഏഴ് പേരും വിദേശികളാണ്. നാല് പേര് ജിദ്ദയിലും രണ്ടു പേര്‍ റിയാദിലും ഒരാള്‍ മക്കയിലുമാണ് മരണപ്പെട്ടത്.

1912 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ സൗദിയില്‍ ആകെ രോഗബാധിതരുടെ എണ്ണം 39048 ആയി ഉയര്‍ന്നു. 1313 പേര്‍ക്ക് ഞായറാഴ്ച അസുഖം ഭേദമായതോടെ സൗദിയില്‍ കോവിഡിന്റെ പിടിയില്‍ നിന്നു മോചിതരായവരുടെ എണ്ണം 11457 ആയതായും ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അബ്ദുള്ള അല്‍ ആലി അറിയിച്ചു.

27345 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 4,49,644 കോവിഡ് ടെസ്റ്റുകള്‍ ഇതുവരെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി നടന്നു. ഞായറാഴ്ച റിയാദില്‍ നിന്നു ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ വിമാനം 139 യാത്രക്കാരുമായി കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ടു. 13 നു ജിദ്ദയില്‍ നിന്നും ഡല്‍ഹിയിലേക്ക് നിശ്ചയിച്ചിരുന്ന വിമാനം വേണ്ടത്ര യാത്രക്കാരില്ലാത്തതിനാല്‍ കോഴിക്കോട്ടേക്ക് മാറ്റി. 14 മറ്റൊരു വിമാനം ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. മെയ് 12 നു ദമ്മാമില്‍ നിന്നും കൊച്ചിയിലേക്കും ഒരു എയര്‍ ഇന്ത്യ വിമാനം പറക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.


 

Most Popular