Wednesday, June 23, 2021
Home Gulf Saudi Arabia വിശ്വാസം അതല്ലേ എല്ലാം; അല്‍ഭുതമായി സെയില്‍സ്മാനില്ലാത്ത ബഖാല

വിശ്വാസം അതല്ലേ എല്ലാം; അല്‍ഭുതമായി സെയില്‍സ്മാനില്ലാത്ത ബഖാല

ഖുന്‍ഫുദ: മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസം മരുന്നിന് പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഖുന്‍ഫുദയില്‍ പ്രവര്‍ത്തിക്കുന്ന, ജീവനക്കാരില്ലാത്ത ബഖാല വിസ്മയമാകുന്നു. സെയില്‍സ്മാന്റെ സാന്നിധ്യത്തില്‍ പോലും പിടിച്ചുപറികള്‍ നടക്കുന്ന വാര്‍ത്തകള്‍ക്കിടയിലാണ് വിലപിടിച്ച ബ്രാന്റ് മിഠായികളും ജ്യൂസുകളും ശീതളപാനീയങ്ങളും അടക്കം ഇവിടെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ആളുകള്‍ക്ക് അത്യാവശ്യം വേണ്ട എല്ലാവിധ ഉല്‍പന്നങ്ങളും റാക്കുകളിലും സ്റ്റാന്‍ഡുകളിലും വൃത്തിയായി ബഖാലയില്‍ വില്‍പനക്ക് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആര്‍ക്കും ഇവിടെ നിന്ന് ഏതു സമയവും തങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ സ്വയം തെരഞ്ഞെടുക്കാവുന്നതാണ്.

ഉല്‍പന്നങ്ങളുടെ വിലകള്‍ കണക്കുകൂട്ടാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് സഹായിത്തിന് കൗണ്ടറിനു സമീപത്തായി കാല്‍കുലേറ്ററുണ്ട്. ഓരോ ഉല്‍പന്നങ്ങളിലും വില പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. പണം കൈയിലുള്ളവര്‍ക്ക് ഉല്‍പന്നങ്ങളുടെ വില കൗണ്ടറില്‍ നിക്ഷേപിക്കാം. കാര്‍ഡുകള്‍ വഴി പണടക്കുന്നതിന് പോയിന്റ് ഓഫ് സെയില്‍ ഉപകരണവും ലഭ്യമാണ്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി കൗണ്ടറില്‍ അറബിയിലും ഇംഗ്ലീഷിലും നോട്ടീസും സ്ഥാപിച്ചിട്ടുണ്ട്.

ആളുകളുടെ വിശ്വാസ്യതയെയും സത്യസന്ധതയെയും മാത്രം ആശ്രയിച്ചാണ് ഉടമ സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നത്. ചില സമയങ്ങളില്‍ സ്ഥാപനത്തില്‍ സെയില്‍സ്മാന്‍ ഉണ്ടാകുമെന്ന് സ്ഥാപനത്തില്‍ സ്ഥാപിച്ച നോട്ടീസ് സൂചിപ്പിക്കുന്നു. സെയില്‍സ്മാന്‍ ഇല്ലെങ്കില്‍ കാത്തുനില്‍ക്കേണ്ടതില്ലെന്നും ആവശ്യമുള്ള സാധനങ്ങള്‍ തെരഞ്ഞെടുത്ത് പണം കൗണ്ടറില്‍ നിക്ഷേപിച്ചാല്‍ മതിയെന്നും നോട്ടീസ് പറയുന്നു. മക്കയിലേക്കുള്ള യാത്രാമധ്യേ ബഖാലയില്‍ കയറി സാധനങ്ങള്‍ വാങ്ങിയ സൗദി പൗരന്മാരില്‍ ഒരാളാണ് സെയില്‍സ്മാനില്ലാത്ത ബഖാലയുടെ വിവരം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

Most Popular