Tuesday, June 15, 2021
Home Gulf Saudi Arabia റിയാദില്‍ പൈപ്പ്‌ലൈനില്‍ കുടുങ്ങി ആറുപേര്‍ മരിച്ചു

റിയാദില്‍ പൈപ്പ്‌ലൈനില്‍ കുടുങ്ങി ആറുപേര്‍ മരിച്ചു

റിയാദ്: റിയാദിലെ അസീസിയ ഡിസ്ട്രിക്ടില്‍ ജല വിതരണ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനിടയില്‍ പൈപ്പിനകത്ത് കുടുങ്ങി ആറു തൊഴിലാളികള്‍ മരിച്ചു. എന്നാല്‍ തൊഴിലാളികള്‍ ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല.

ുധനാഴ്ച വൈകീട്ടാണ് സംഭവമെന്ന് റിയാദ് മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ഹമ്മാദി പറഞ്ഞു. ഇവിടുത്തെ ജലപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പൈപ്പിനകത്താണ് തൊഴിലാളികള്‍ മരിച്ചത്. 400 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വ്യാസവുമുള്ള പൈപ്പിനകത്താണ് ആറു തൊഴിലാളികള്‍ മരിച്ചത്. തൊഴിലാളികള്‍ പുറത്തുകടക്കാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു.

തൊഴിലാളികളെ കാണാതായതായി സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിച്ചതനുസരിച്ച് നടത്തിയ തിരച്ചിലിലാണ് പൈപ്പിനകത്ത് 360 മീറ്റര്‍ ദൂരെ ബോധരഹിതരായി കിടക്കുന്ന നിലയില്‍ ആറു പേരെയും കണ്ടെത്തിയതെന്ന് മുഹമ്മദ് അല്‍ഹമ്മാദി പറഞ്ഞു.

യന്ത്രസഹായത്തോടെ പൈപ്പ് പൊട്ടിച്ച് പുറത്തെടുത്തെങ്കിലും എല്ലാവരും മരിച്ചിരുന്നു. മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ആറു പേരും മരിച്ചതായി സ്ഥിരീകരിച്ചു. അപകട കാരണമറിയാനുള്ള അന്വേഷണം നടത്തിവരികയാണെന്നും സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.


 

Most Popular