Saturday, June 19, 2021
Home Gulf Saudi Arabia സൗദിയില്‍ തെരുവു നായ്ക്കള്‍ നാലുവയസ്സുകാരിയെ കടിച്ചുകൊന്നു

സൗദിയില്‍ തെരുവു നായ്ക്കള്‍ നാലുവയസ്സുകാരിയെ കടിച്ചുകൊന്നു

റിയാദ്: സൗദി അറേബ്യയില്‍ തെരുവു നായ്ക്കള്‍ നാലു വയസ്സുകാരിയെ കടിച്ചുകൊന്നു. റിയാദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള അല്‍ വഷൈലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. അവധിക്കാലം ചെലവഴിക്കുന്നതിനായി വീട്ടിലെത്തിയതായിരുന്നു കുടുംബം. കളിക്കാനായി വീട്ടിനു പുറത്തേക്ക് ഇറങ്ങിയ സമയത്ത് തെരുവുനായ്ക്കള്‍ വന്ന് കുട്ടിയെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് പരിസരത്തുള്ളവര്‍ ഓടിയെത്തി നായ്ക്കളെ ഓടിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

കുറച്ചുനേരം കുട്ടിയെ വീട്ടിനകത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് തിരഞ്ഞിറങ്ങിയ അമ്മയാണ് നായകള്‍ ചേര്‍ന്ന് മകളെ പിച്ചിച്ചീന്തുന്ന ഭീകരരംഗം ആദ്യം കണ്ടത്. അവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ചുറ്റുഭാഗത്തുണ്ടായിരുന്ന ആളുകള്‍ ഓടിക്കൂടി. ആളുകള്‍ വരുന്നത് കണ്ട് കുട്ടിയെ ഉപേക്ഷിച്ച് നായ്ക്കള്‍ ഓടിമറഞ്ഞെങ്കിലും അപ്പോഴേക്കും ഗുരുതരമായി മുറിവേറ്റിരുന്നു. ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

സംഭവത്തെ കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒഴിവ് സമയത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കാന്‍ എത്തുന്ന പ്രദേശമാണ് റിയാദിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അല്‍ വഷൈല. ഇവിടെ തെരുവ്നായ്ക്കളുടെ ശല്യമുണ്ടെന്ന് നേരത്തേയും പരാതി ഉയര്‍ന്നിരുന്നു.

Most Popular