Tuesday, June 22, 2021
Home Newsfeed ത്വാഇഫില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോയി

ത്വാഇഫില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോയി

ത്വാഇഫ്: ത്വാഇഫില്‍ അപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരായ അഖിലയുടെയും സുബിയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചു. കഴിഞ്ഞ മാസം 28ന് സൗദിയിലെ ത്വാഇഫിനടുത്ത് അല്‍മോയയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് ഇവര്‍ മരിച്ചത്. അപകടത്തില്‍ മരിച്ച ബസ് ഡ്രൈവര്‍ ബീഹാര്‍ സ്വദേശി മുഹമ്മദ് ഖാദിര്‍ അഖീലിന്റെ മൃതദേഹം നേരത്തെ അല്‍മോയ മഖ്ബറയില്‍ ഖബറടക്കിയിരുന്നു.

റിയാദ് അല്‍ ഖര്‍ജില്‍ നിന്നു ജിദ്ദയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ അദാല്‍ കമ്പനിക്ക് കീഴില്‍ നഴ്‌സുമാരായിരുന്ന കൊല്ലം ആയൂര്‍ സ്വദേശിനി സുബി ഗീവര്‍ഗീസ് ബേബി (33), കോട്ടയം വൈക്കം വെച്ചൂര്‍ സ്വദേശിനി അഖില മുരളി (29) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് പുലര്‍ച്ചെയാണ് നാട്ടിലേക്ക് കൊണ്ടുപോയത്. ബുധനാഴ്ച പുലര്‍ച്ചെ 1.20 ന് കൊച്ചിയിലെത്തുന്ന മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശങ്ങളിലെത്തിച്ചു സംസ്‌കരിക്കും.

തുടര്‍നടപടികള്‍ ത്വാഇഫ്‌കെ.എം.സി.സി പ്രസിഡന്റും കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ കമ്മിറ്റി അംഗവുമായ നാലകത്ത് മുഹമ്മദ് സാലിഹ്, ജിദ്ദ നവോദയ ത്വാഇഫ് കമ്മിറ്റി ഭാരവാഹി മോബിന്‍ തോമസ്, ബ്രദേഴ്‌സ് ത്വാഇഫ് പ്രസിഡന്റും കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി അംഗവുമായ പന്തളം ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്.

 

Most Popular