സൗദിയിലേക്ക് വിമാന സർവീസ്: ഇന്ത്യൻ അംബാസഡറും സൗദി ആരോഗ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

flight

റിയാദ്: സൗദിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ അംബാസഡറും സൗദി ആരോഗ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇതോടെ മാര്‍ച്ച് 31ന് മുന്നോടിയായി ഇന്ത്യയിലേക്ക് വിമാന സര്‍വീസിന് സാധ്യതയേറി. കൂടിക്കാഴ്ചയില്‍ വിമാന സര്‍വീസിന് അനുമതി നല്‍കണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയോട് അഭ്യര്‍ഥിച്ചു. വിഷയത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് എംബസിയുടെ പ്രതീക്ഷ.

ഇന്ത്യയടക്കം ചില രാജ്യങ്ങള്‍ സൗദിയുടെ യാത്രാ വിലക്ക് പട്ടികയിലുണ്ട്. ഇതു കാരണം ബാക്കി രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാര്‍ പ്രകാരം വിമാന സര്‍വീസ് തുടങ്ങിയെങ്കിലും ഇന്ത്യ യാത്രാ വിലക്ക് പട്ടികയില്‍ തുടര്‍ന്നു. കോവിഡ് കേസുകളില്‍ ഇന്ത്യയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു യാത്രാ വിലക്ക്. നിലവില്‍ സ്ഥിതി മെച്ചപ്പെട്ടത് നേരത്തെ എംബസി സൗദി സിവില്‍ ഏവിയേഷനേയും വിദേശ കാര്യ മന്ത്രാലയത്തേയും അറിയിച്ചിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സൗദി ആരോഗ്യ മന്ത്രാലയമാണ്.