
വനിത ഫുട്ബോള്‍ വകുപ്പ് രൂപവത്കരിച്ച് സൗദി; അദ്വ അല്‍-അരിഫി വകുപ്പ് മേധാവി
ജുബൈല്‍: രാജ്യത്ത് വനിതകളുടെ ഫുട്ബാള്‍ മികവ് വര്‍ധിപ്പിക്കുന്നതിനും മത്സരങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷന് (സാഫ്) പുതിയ വകുപ്പ് രൂപവത്കരിച്ചു. സാഫ് ബോര്‍ഡ് അംഗം അദ്വ അല്‍-അരിഫിയാണ് പുതിയ വകുപ്പിന്റെ മേധാവി. വനിത ഫുട്ബാള്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കാനും പിന്തുണക്കാനും അവരുടെ കൂട്ടായ്മയെ ശാക്തിപ്പെടുത്തുന്നതിനും കായികമേഖലയില്‍ സ്ത്രീപങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനും വേണ്ടിയാണ് പുതിയ വകുപ്പിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്.
രണ്ട് വര്‍ഷത്തിനിടയില്‍ സൗദി അറേബ്യയില്‍ സംഘടിത വനിത ഫുട്ബാള്‍ പ്രോത്സാഹജനകമായ തുടക്കത്തിന് സാക്ഷ്യം വഹിച്ചുവെന്ന് അല്‍-ആരിഫി അഭിപ്രായപ്പെട്ടു. കായിക മേഖലയില്‍ ഭരണപരമായ തീരുമാനമെടുക്കുന്ന തലങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം കാര്യക്ഷമമാക്കുന്നതിന് വനിത ഫുട്ബാളിന്റെ വികസനം സാധ്യമാക്കും. കായിക മന്ത്രാലയത്തിന് കീഴില്‍ വനിതകളുടെ കായികയിനങ്ങള്ക്കുവേണ്ടി ആവിഷ്കരിക്കുന്ന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാന്‍ ഇത് സഹായിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.ഈ വകുപ്പിന് വേണ്ടി പ്രത്യേകം ട്വിറ്റര്‍ അക്കൗണ്ട് (@SAFF_WFD) ആരംഭിച്ചിട്ടുണ്ട്.
ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ സൗദി വനിത ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പുതിയ വകുപ്പ് പ്രവര്‍ത്തിക്കും. വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി വനിത ഫുട്ബാളിനെ പ്രോത്സാഹിപ്പിക്കുന്നതുകൂടാതെ രാജ്യത്തുടനീളം സ്ത്രീ പങ്കാളിത്തം ഉറപ്പിക്കുന്ന വിവിധ പരിശീലന കളരികള്‍ സംഘടിപ്പിക്കും.