Saturday, June 19, 2021
Home Gulf Saudi Arabia പ്രവാചകനെതിരായ പ്രചാരണങ്ങള്‍ക്ക് മറുമരുന്ന് അവഗണനയാണെന്ന് സൗദി മതകാര്യ മന്ത്രി

പ്രവാചകനെതിരായ പ്രചാരണങ്ങള്‍ക്ക് മറുമരുന്ന് അവഗണനയാണെന്ന് സൗദി മതകാര്യ മന്ത്രി

മദീന: വിമര്‍ശനങ്ങള്‍ക്കും അപകീര്‍ത്തിപ്പെടുത്തലുകള്‍ക്കുമുള്ള ഏക മറുമരുന്ന് അവഗണനയാണെന്ന് സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലു ശൈഖ്. പ്രകോപനത്തിന്റെ രീതി അനാരോഗ്യകരമായ സമീപനമാണെന്നും അസത്യത്തെ നശിപ്പിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിനെതിരായ ഏറ്റവും വലിയ ക്രൂരകൃത്യം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മതത്തെ ചൂഷണം ചെയ്യുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സില്‍ പ്രവാചകനെ അവഹേളിച്ച അധ്യാപകന്റെ തലയറുത്ത സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. ‘പ്രവാചകനെ അവഹേളിക്കുന്നതും മോശമായി ചിത്രീകരിക്കുന്നതും പ്രതിഷേധാര്‍ഹം തന്നെയാണ്. എന്നാല്‍ അതിനോടുള്ള പ്രതികരണം അക്രമമല്ല, മറിച്ച് സമാധാനമാണ്. ഒരാള്‍ കൊല ചെയ്യുമ്പോള്‍ അയാള്‍ മാത്രമല്ല, ഒരു സമുദായം ഒന്നടങ്കമാണ് പ്രതി സ്ഥാനത്ത് നില്‍ക്കേണ്ടി വരിക’യെന്നും മന്ത്രി വിശദമാക്കി. ലോക മുസ്ലിംകള്‍ പ്രവാചകനെ മാറ്റാരേക്കാളും സ്നേഹിക്കുന്നുണ്ടെന്നും മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കരുതെന്ന പ്രവാചക വാക്കുകളെ അനുസരിക്കുകയാണ് ആ സ്നേഹ പ്രകടനത്തിന്റെ പ്രധാന ഭാഗമെന്നും മന്ത്രി വ്യക്തമാക്കി.

‘ലോകത്ത് ആര് മരിക്കുന്നതും നമ്മെ സംബന്ധിച്ചിടത്തോളം സന്തോഷകരമല്ല. അത് ഭീകരവാദത്തിന്റെ പേരില്‍ ഒരാള്‍ കൊല്ലപ്പെടുന്നതായാലും ശരി. ഒരു കുറ്റവാളി അയാളെ മാത്രമാണ് പ്രതിനിധാനം ചെയ്യുന്നത്. അയാളുടെ കുറ്റകൃത്യത്തിന്റെ അനുരണനങ്ങള്‍ സമൂഹം അനുഭവിക്കേണ്ടതില്ല. ഒരു കുറ്റവാളിയുടെ ദുഷ്പ്രവൃത്തിയുടെ പേരില്‍ ലക്ഷക്കണക്കിനാളുകള്‍ ആരോപണത്തിന്റെ വേദന തിന്നുന്നതാണ് നിലവില്‍ ലോകത്തെ ഏറ്റവും ദുഖഃകരമായ പ്രവണതയെന്നും അത് മാറിയേ തീരൂ’യെന്നും ശൈഖ് ഓര്‍മ്മിപ്പിച്ചു.

Most Popular