Wednesday, September 22, 2021
Home Gulf Saudi Arabia സൗദിയില്‍ ലാബ് ജീവനക്കാരി ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ കോവിഡ് ബാധിച്ചുമരിച്ചു

സൗദിയില്‍ ലാബ് ജീവനക്കാരി ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ കോവിഡ് ബാധിച്ചുമരിച്ചു

റിയാദ്: സൗദിയില്‍ ഇന്ന് ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു. ലാബ് ടെക്‌നീഷ്യനായ പത്തനംതിട്ട എലന്തൂര്‍, മടിക്കോളില്‍ ജൂലി മേരി സിജു (41), പത്തനംതിട്ട അടൂര്‍, കൊടുമണ്‍ സ്വദേശി മുല്ലക്കല്‍ കിഴക്കതില്‍ ഹരികുമാര്‍ (51), തിരുവനന്തപുരം വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റ് ചീലാന്തി മുക്ക് സ്വദേശി നസീര്‍ (53) എന്നിവരാണ് ചികിത്സയിലായിരിക്കെ ശനിയാഴ്ച മരണത്തിന് കീഴടങ്ങിയത്.

ദമ്മാമിലെ സ്വകാര്യ മെഡിക്കല്‍ സെന്റിറില്‍ 15 വര്‍ഷമായി ജോലി ചെയ്യുന്ന ജൂലി മേരി ആസ്തമ രോഗിയായിരുന്നു. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ദമ്മാമിലെ കലാപ്രവര്‍ത്തന മേഖലകളില്‍ സജീവമായിരുന്നു ജൂലിയുടെ കുടുംബം. ഭര്‍ത്താവ്: മാത്യു എബ്രഹാം സിജു നാപ്‌കോ കമ്പനിയിലെ ജീവനക്കാരനാണ്. മക്കള്‍: എയ്ഞ്ചലീന, ഇവാന്‍.

ദമ്മാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുള്ള പ്രമുഖ കമ്പനിയില്‍ 25 വര്‍ഷമായി ജീവനക്കാരനായ ഹരികുമാര്‍ ശ്വാസ തടസ്സത്തെത്തുടര്‍ന്ന് ദിവസങ്ങളായി ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെടുകയും പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ കോവിഡ് സ്ഥരീകരിച്ചിരുന്നു. വെന്റിലേറ്ററില്‍ ചികില്‍സയില്‍ കഴിയവേ ശനിയാഴ്ച രാവിലെ 10 ഓടെയായിരുന്നു മരണം. ഭാര്യ: അനിത. മക്കള്‍: ഹരിത, ഹേമന്ത്.

ഹാഇലിലെ ഒരു റെഡിമെയ്ഡ് വസ്ത്രശാലയില്‍ ജീവനക്കാരനായ നസീര്‍ കോവിഡ് ബാധിച്ച് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 27 വര്‍ഷമായി ഹാഇലില്‍ പ്രവാസിയായ ഇദ്ദേഹം അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയിട്ട് എട്ട് മാസത്തോളമായി. ഷാഹുല്‍ ഹമീദ്, സഫൂറ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ജുനൈദ. മക്കള്‍: അസ്ലം, ആമിന, അസിഫ.


 

Most Popular