Sunday, August 1, 2021
Home Gulf Saudi Arabia സൗദിയിലെ യാത്രാവിലക്ക്; ദുബായില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഉടനടി സഹായം എത്തിക്കുക: കേളി

സൗദിയിലെ യാത്രാവിലക്ക്; ദുബായില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഉടനടി സഹായം എത്തിക്കുക: കേളി

റിയാദ് : ദുബായില്‍ 14 ദിവസത്തെ ക്വോറന്റയിന്‍ കാലാവധി പൂര്‍ത്തിയാക്കുകയും എന്നാല്‍ യാത്രാവിലക്ക് മൂലം സൗദിയിലേക്ക് വരാന്‍ കഴിയാതാവുകയും ചെയ്ത ഇന്ത്യക്കാരുടെ വിഷമതകള്‍ പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേളി കലാസാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.

കോവിഡ് മഹാമാരി ആരംഭിച്ചത് മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ദുബായിലെത്തി 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് അവധിയില്‍ പോയ മിക്ക പ്രവാസികളും തങ്ങളുടെ തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്തിയിരുന്നത്. എന്നാല്‍ 20 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സൗദി ആഭ്യന്തര മന്ത്രാലയം താത്കാലികമായി യാത്രാവിലക്കേര്‍പ്പെടുത്തിയതോടെ ഇവരുടെ സൗദിയിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. വിവിധ ട്രാവല്‍ ഏജന്‍സികള്‍ 15 ദിവസത്തേക്കുള്ള സന്ദര്‍ശക വിസാ പാക്കേജുമായാണ് ആളുകളെ യു എ ഇയില്‍ എത്തിച്ചിട്ടുള്ളത്. യൂഎഇ വിസ 40 ദിവസം വരെ മാത്രമെ നീട്ടിക്കിട്ടുകയുള്ളൂ. ഇത്തരം പാക്കേജില്‍ എത്തിയവര്‍ യൂഎഇ യിലെ വിവിധ ഹോട്ടലുകളിലാണ് താമസിക്കുന്നത്. തുച്ഛ വരുമാനക്കാരായ പലര്‍ക്കും സൗദി അതിര്‍ത്തികള്‍ വീണ്ടും തുറന്ന് കൊടുക്കുന്നത് വരെ അവിടെ കഴിയാന്‍ പറ്റാത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. നാട്ടിലേക്ക് തിരികെ പോകാന്‍ വിമാന ടിക്കറ്റ് ചാര്‍ജ്ജും വേണ്ടി വരുന്നു.

സൗദിയിലേക്കുള്ള യാത്രാ വിലക്ക് അവസാനിപ്പിക്കുന്നതുവരെ യു എ ഇയില്‍ കുടുങ്ങിക്കിടക്കുന്ന സൗദിയിലേക്കുള്ള പ്രവാസികളെ സഹായിക്കുക, സൗദിയിലെ ഇന്ത്യന്‍പ്രവാസികള്‍ നേരിടുന്ന 14 ദിവസത്തെ അന്യരാജ്യ ക്വോറന്റയിന്‍, പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതു മൂലമുള്ള മറ്റ് ബുദ്ധിമുട്ടുകള്‍ എന്നീ വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് കേളി സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Most Popular