Sunday, June 13, 2021
Home Gulf Saudi Arabia ദുബയിലും സൗദിയിലും രണ്ടു മലയാളികള്‍ കോവിഡ് ബാധിച്ചു മരിച്ചു

ദുബയിലും സൗദിയിലും രണ്ടു മലയാളികള്‍ കോവിഡ് ബാധിച്ചു മരിച്ചു

റിയാദ്: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന രണ്ടു മലയാളികള്‍ കൂടി മരിച്ചു. റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം തുറക്കല്‍ സ്വദേശി ഹൃദയാഘാതം മൂലമാണ് മരിച്ചത്. തിരൂരങ്ങാടി വെന്നിയൂര്‍ കൊടിമരം വി.കെ.എം ഹൗസില്‍ താമസക്കാരനായ മുഫീദ് (30) ആണ് വ്യാഴാഴ്ച ഉച്ചക്കാണ് റിയാദിലെ ഡോ. സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ മരിച്ചത്.

മൂന്നുദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം 15ന് റിയാദിലെ അമീര്‍ മുഹമ്മദ് ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തുകയും പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മൃതദേഹം ഡോ. സുലൈമാന്‍ ഹബീബ് ആശുപത്രി മോര്‍ച്ചറിയിലാണ്. റിയാദില്‍ ഖബറടക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെയും ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കലിന്റെയും നേതൃത്വത്തില്‍ നടക്കുന്നു.

റിയാദില്‍ അല്‍ഇദ്രീസ് പ്രട്ടോളിയം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടിങ് കമ്പനിയില്‍ ജോലി ചെയ്യുന്ന മുഫീദ് പരേതനായ കൊടവണ്ടി മാനു മാസ്റ്ററുടെ പേരക്കുട്ടിയും റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ജബ്ബാര്‍ കൊടവണ്ടിയുടെ മകനുമാണ്. സഫിയ വടക്കേതില്‍ ആണ് ഉമ്മ. മുഫീദ് ഒരുവര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഫാത്വിമ ബിന്‍സിയാണ് ഭാര്യ.

കൊല്ലം കൊട്ടാരക്കര മരതമന്‍പിള്ളി സ്വദേശി സിജോ ഭവനില്‍ യോഹന്നാന്‍ കുഞ്ഞുമോന്‍(56) ദുബൈയില്‍ കോവിഡ് ബാധിച്ചു മരിച്ചു. ദുബൈ ഇന്‍വെസ്റ്റ്മന്റെ് പാര്‍ക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 29 വര്‍ഷമായി അസ്വാന്‍ എഞ്ചിനീയറിങ് കമ്പനി ജീവനക്കാരനാണ്. ഭാര്യ: സാലി. മക്കള്‍: സിജോ, സിജി.


 

Most Popular