Saturday, June 12, 2021
Home Gulf Saudi Arabia ജു​ബൈ​ല്‍ വ്യ​വ​സാ​യ ന​ഗ​ര​ത്തി​ന് യു.​എ​ന്‍ ഏ​ജ​ന്‍​സി​യാ​യ യു​നെ​സ്കോ​യു​ടെ അം​ഗീ​കാ​രം

ജു​ബൈ​ല്‍ വ്യ​വ​സാ​യ ന​ഗ​ര​ത്തി​ന് യു.​എ​ന്‍ ഏ​ജ​ന്‍​സി​യാ​യ യു​നെ​സ്കോ​യു​ടെ അം​ഗീ​കാ​രം

ജുബൈല്‍: സമഗ്രവും സുരക്ഷിതവും ഊര്‍ജസ്വലവും സുസ്ഥിരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ കാഴ്ചവെച്ചതിന് ജുബൈല്‍ വ്യവസായ നഗരത്തിന് യു.എന്‍ ഏജന്‍സിയായ യുനെസ്‌കോയുടെ അംഗീകാരം. യു.എന്‍ എജുക്കേഷനല്‍ സയന്റിഫിക് ആന്‍ഡ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനെസ്‌കോ), ജുബൈലിനെ ഗ്ലോബല്‍ നെറ്റ്വര്‍ക് ഓഫ് ലേണിങ് സിറ്റികളിലൊന്നില്‍ (ജി.എന്‍.എല്‍.സി) ഉള്‍പ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. വ്യവസായിക, ഉല്‍പാദന മേഖലയിലെ പ്രഫഷനല്‍ വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് വിദ്യാഭ്യാസ, ജീവിത നിലവാരം ഉയര്‍ത്തിയതിനാണ് അംഗീകാരം. നഗരവാസികള്‍ക്ക് മികവുറ്റ പഠനാവസരങ്ങള്‍ നല്‍കുന്നതില്‍ അര്‍പ്പണബോധം പ്രകടിപ്പിക്കുന്ന നഗരങ്ങളെ മാത്രമേ നെറ്റ്‌വര്‍ക്കില്‍ പ്രവേശിപ്പിക്കൂവെന്ന് യുനെസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലൈഫ് ലോങ് ലേണിങ് ഡയറക്ടര്‍ ഡേവിഡ് അച്ചോറെന പറഞ്ഞു. കരുത്തുറ്റ പഠന സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലും വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിലും സമഗ്രമായ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും അടിസ്ഥാനതലം മുതല്‍ ഉന്നത ബിരുദം വരെ എല്ലാ മേഖലകളിലും വിഭവങ്ങള്‍ ഫലപ്രദമായി വിതരണം ചെയ്യുന്നതിനും ജുബൈല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ നഗരമായ ജുബൈല്‍ മികവുറ്റ ഒരു വിദ്യാഭ്യാസ-തൊഴില്‍ കേന്ദ്രം കൂടിയാണ്. കെമിക്കല്‍ എന്‍ജിനീയറിങ് മുതല്‍ ഇന്‍ഡസ്ട്രിയല്‍ വെല്‍ഡിങ് വരെയുള്ള കോഴ്സുകള്‍ 11,000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. പ്രാദേശിക സംരംഭകര്‍ക്കായി അധികൃതര്‍ ബിസിനസ് ഇന്‍കുബേറ്ററുകള്‍ നടത്തുന്നു. കൂടാതെ നഗരത്തിലെ താമസക്കാര്‍ക്ക് പ്രഫഷനല്‍ പരിശീലനവും തൊഴില്‍ അവസരങ്ങളും നല്‍കുന്നതിന് ബെക്ടെല്‍, യോകോഗവ പോലുള്ള പ്രമുഖ ആഗോള ക മ്പനികളുമായി നിരന്തരം ബന്ധപ്പെട്ടുനില്‍ക്കുന്നു. ജുബൈല്‍ വ്യവസായ നഗരം യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോടൊപ്പം വിഷന്‍ 2030 അടിസ്ഥാന ലക്ഷ്യങ്ങളെ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതായി റോയല്‍ കമീഷന്‍ ഫോര്‍ ജുബൈലിലെ വിദ്യാഭ്യാസ ജനറല്‍ മാനേജര്‍ ഡോ. അലി പറഞ്ഞു.

Most Popular