Sunday, September 26, 2021
Home Gulf Saudi Arabia ചാര്‍ട്ടര്‍ വിമാനങ്ങളില്‍ സംഘടനകള്‍ നിരക്ക് കുറച്ചപ്പോള്‍ വന്ദേഭാത് മിഷനില്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യ

ചാര്‍ട്ടര്‍ വിമാനങ്ങളില്‍ സംഘടനകള്‍ നിരക്ക് കുറച്ചപ്പോള്‍ വന്ദേഭാത് മിഷനില്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യ

റിയാദ്: സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി. ഈ മാസം 10 മുതല്‍ ആരംഭിക്കുന്ന സൗദിയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്കാണ് നിരക്ക് വര്‍ധിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 950 റിയാല്‍ ഈടാക്കിയിരുന്ന ദമ്മാം- കൊച്ചി സര്‍വീസിന് 1703 റിയാലാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഉയര്‍ന്ന തുക നല്‍കിയിട്ടും എയര്‍ ഇന്ത്യ റെസീപ്റ്റ് നല്‍കുന്നില്ലെന്ന പരാതിയും യാത്രക്കാര്‍ ഉന്നയിക്കുന്നു.

പലര്‍ക്കും എംബസിയില്‍ നിന്നു വിളി വന്നപ്പോള്‍ പറഞ്ഞ നിരക്കല്ല എയര്‍ ഇന്ത്യാ അധികൃതര്‍ ഈടാക്കുന്നതെന്നും പരാതി ഉന്നയിക്കുന്നു. കൂടിയ നിരക്ക് ഈടാക്കി റസീപ്പ്റ്റ് നല്‍കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ആദ്യ ഘട്ടത്തില്‍ 950 റിയാല്‍(ഏകദേശം 18760 രൂപ) ഈടാക്കിയ ദമ്മാം കൊച്ചി സര്‍വീസിന് ഇപ്പോള്‍ 1703 റിയാല്‍(ഏകദേശം 33635 രൂപ) അണ് ഈടാക്കുന്നത്. സൗദിയിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കും ഇതേ രീതിയില്‍ വര്‍ധിച്ച നിരക്ക് തന്നെയാണ് ഈടാക്കുന്നത്. ഇതോടെ ജോലിയും ശമ്പളവുമില്ലാതെ മാസങ്ങളായി കഴിയുന്ന പ്രവാസികളുടെ ദുരിതം ഇരട്ടിയാവും.

ചാര്‍ട്ടര്‍ വിമാനങ്ങളുടെ നിരക്ക് വന്ദേഭാരത് നിരക്കിന് സമാനമാക്കി കുറയ്ക്കണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പല സംഘടനകളും ആദ്യം പ്രഖ്യാപിച്ചിരുന്ന നിരക്കില്‍ നിന്ന് കുറച്ചാണ് ചാര്‍ട്ടര്‍ സര്‍വീസ് സംഘടിപ്പിക്കുന്നത്. അതിനിടെയാണ് എയര്‍ ഇന്ത്യയുടെ ഇരുട്ടടി. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും സമാനമായ രീതിയില്‍ എയര്‍ ഇന്ത്യ നിരക്ക് വര്‍ധിപ്പിക്കുമോ എന്ന് വ്യക്തമല്ല.


 

Most Popular