റിയാദ്: റിയാദിലെ പ്രാവുകള്‍ക്കും പൂച്ചകള്‍ക്കും പ്രിയപ്പെട്ട വേലായുധന് കുട്ടി എന്ന കുട്ടിഭായി പ്രവാസനം തുടങ്ങിയിട്ട് വര്‍ഷം 41 കഴിഞ്ഞു. തൊഴില്‍വിസയിലെത്തി റിയാദില്‍ വാസം ഉറപ്പിച്ചശേഷം ഇതുവരെ നാട്ടില്‍ പോയിട്ടില്ല. 71 വയസ്സ് പൂര്‍ത്തിയാക്കിയ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശിക്ക് ഇനിയും പിറന്ന നാട്ടിലേക്ക് മടങ്ങാന്‍ ഒരു ഉദ്ദേശ്യവുമില്ല. പകരം ഇവിടെ പക്ഷികളെയും പൂച്ചകളെയും ഊട്ടിയും പരിചരിച്ചും കഴിഞ്ഞുകൂടുകയാണ്.
41 വര്‍ഷം മുമ്പ് കള്ളവണ്ടി കയറി മുംബൈയിലെത്തിയ വേലായുധന് അവിടെനിന്നാണ് വിസ തരപ്പെടുത്തി സൗദിയിലേക്ക് വിമാനം കയറിയത്. സ്വന്തമെന്നു പറയാന്‍ ആകെയുണ്ടായിരുന്ന അമ്മ വാഹനാപകടത്തില്‍പെട്ട് പരിക്കേറ്റ് ചികിത്സ കിട്ടാതെ രണ്ടാം ദിവസം മരിച്ചപ്പോള്‍ വേദന കടിച്ചമര്‍ത്തി അവിടെനിന്ന് പുറപ്പെട്ടുപോന്നതാണ്. ടിക്കറ്റെടുക്കാന്‍പോലും പണമില്ലാതെ തീവണ്ടിയില്‍ ഒളിച്ചുകടന്നാണ് മുംബൈയിലെത്തിയത്. ഓര്‍മയില്‍പോലും ഇല്ലാത്ത അച്ഛന് വരുത്തിവെച്ച കടങ്ങളും ബാങ്ക് വായ്പയും തലക്കുമുകളില്‍ ഭാരമായും ഉണ്ടായിരുന്നു.
മുംബൈയില്‍ നടന്ന ഒരു അഭിമുഖത്തില്‍ പങ്കെടുത്താണ് സൗദിയിലേക്ക് വിസ തരപ്പെടുത്തിയത്. വാഹനങ്ങളുടെ മെക്കാനിക്ക് ജോലി പഠിച്ചതാണ് ഗുണമായത്. റിയാദിലെ പ്രമുഖ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. 200 ഡോളര്‍ ആണ് അന്ന് ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നത്. മാസം തികയുമ്പോള്‍ കിട്ടുന്നത് എത്രയെന്ന് എണ്ണിനോക്കാറില്ല. ആദ്യമെല്ലാം അതുകൊണ്ട് നാട്ടിലെ കടങ്ങളെല്ലാം വീട്ടി. അന്നും ബാക്കിവരുന്ന പണം കൊണ്ട് പ്രാവുകളെയും പൂച്ചകളെയും ഊട്ടാനുള്ള തീറ്റ വാങ്ങിയിരുന്നു. 41 വര്‍ഷമായി അത് ശീലമാക്കിയിരിക്കുന്നു. എല്ലാ മാസവും നിത്യചെലവിനുള്ള പണം കഴിഞ്ഞുള്ളതുകൊണ്ട് പ്രാവുകള്‍ക്ക് ഗോതമ്പും പൂച്ചകള്‍ക്ക് തീറ്റയും വാങ്ങിക്കൂട്ടും.
രാവിലെയും വൈകീട്ടും ഇവക്ക് കൃത്യമായി ഭക്ഷണം നല്‍കും. 41 വര്‍ഷത്തിനിടെ ഇത് മുടങ്ങിയിട്ടില്ല. ആയിരക്കണക്കിന് പ്രാവുകളും ഇരുപതോളം പൂച്ചകളും ഉണ്ട് ഇപ്പോള്‍. വേലായുധന്റെ ഭക്ഷണം തേടി ഇവ കൃത്യമായി എത്തും. താമസസ്ഥലത്തിന് ചുറ്റും തണല്‍ വിരിച്ച് തലയുയര്‍ത്തി നില്ക്കുന്ന മരങ്ങള്‍ എല്ലാം വേലായുധന് വെച്ചുപിടിപ്പിച്ചതാണ്. തുമ്പയില്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിന്റെ കൂടെ ചെയ്യാനായത് മറക്കാനാവാത്ത ഓര്‍മയാണ്.
പൂര്‍ണമായും വെജിറ്റേറിയനായ വേലായുധന് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ല. കമ്പനിയിലെ 500 പേരില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ഏക വ്യക്തിയും വേലായുധനാണ്. കാലം കുറെയെടുത്തിട്ടായാലും ഏറെ പരിശ്രമങ്ങള്‍ നടത്തി കടങ്ങളൊക്കെ വീട്ടാനായി. പിറന്ന നാട്ടില്‍ തനിക്ക് ഇനി ആരോടും ഒരു കടബാധ്യതയുമില്ലെന്ന് തീര്‍പ്പാക്കി. പക്ഷേ, സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത നാട്ടിലേക്ക് എന്തിനിനി പോകണമെന്ന ചിന്തയാണ് വേലായുധന്.