Thursday, June 17, 2021
Home Gulf സൗദി ബാങ്കുകളുടെ ലാഭത്തില്‍ അഞ്ചിരട്ടി വര്‍ധന

സൗദി ബാങ്കുകളുടെ ലാഭത്തില്‍ അഞ്ചിരട്ടി വര്‍ധന

റിയാദ് : ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദി ബാങ്കുകളുടെ ലാഭം 520 ശതമാനം തോതില്‍ വര്‍ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 11 ബാങ്കുകള്‍ മൂന്നാം പാദത്തില്‍ ആകെ 1,189 കോടി റിയാല്‍ അറ്റാദായം നേടി. രണ്ടാം പാദത്തില്‍ ബാങ്കുകളുടെ ലാഭം 192 കോടി റിയാല്‍ മാത്രമായിരുന്നു. സൗദി ബാങ്കുകളുടെ ആകെ ആസ്തി 2019 മൂന്നാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മൂന്നാം പാദത്തില്‍ 14.1 ശതമാനം തോതില്‍ വര്‍ധിച്ചു. ഇക്കാലയളവില്‍ ഗള്‍ഫ് ബാങ്കുകളുടെ ആകെ ആസ്തി 9.9 ശതമാനം തോതില്‍ മാത്രമാണ് വര്‍ധിച്ചത്.
ഈ വര്‍ഷം ആദ്യ പാദത്തില്‍ ബാങ്കുകളുടെ ലാഭം 7.01 ശതമാനം തോതില്‍ കുറഞ്ഞിരുന്നു. ആദ്യ പാദത്തില്‍ ബാങ്കുകളുടെ ആകെ ലാഭം 1,128 കോടി റിയാലായിരുന്നു. 2019 ആദ്യ പാദത്തില്‍ ഇത് 1,214 കോടി റിയാലായിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ ബാങ്കുകളുടെ ലാഭത്തില്‍ 85 കോടിയിലേറെ റിയാലിന്റെ കുറവാണുണ്ടായത്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ബാങ്കുകളുടെ ലാഭം വന്‍തോതില്‍ കുറഞ്ഞിരുന്നു. രണ്ടാം പാദത്തില്‍ ബാങ്കുകളുടെ ലാഭത്തില്‍ 819 കോടി റിയാലിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തില്‍ ബാങ്കുകള്‍ 1,011 കോടി റിയാല്‍ ലാഭം നേടിയിരുന്നു.
മൂന്നാം പാദാവസാനത്തോടെ പതിനൊന്നു ബാങ്കുകളുടെയും ആകെ ആസ്തികള്‍ 2.688 ട്രില്യണ്‍ റിയാലായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ ബാങ്കുകളുടെ ആസ്തി 2.354 ട്രില്യണ്‍ റിയാലായിരുന്നു. ഒരു വര്‍ഷത്തിനിടെ ബാങ്കുകളുടെ ആസ്തി 33,161 കോടി റിയാല്‍ തോതില്‍ വര്‍ധിച്ചു.
രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ ബാങ്കുകളുടെ ആസ്തി രണ്ടു ശതമാനം തോതിലാണ് വര്‍ധിച്ചത്. രണ്ടാം പാദത്തില്‍ ബാങ്കുകളുടെ ആസ്തി 2.633 ട്രില്യണ്‍ റിയാലായിരുന്നു. മൂന്നു മാസത്തിനിടെ ആസ്തിയില്‍ 5,277 കോടി റിയാലിന്റെ വളര്‍ച്ചയുണ്ടായി.
ഗള്‍ഫ് ബാങ്കുകളുടെ ആകെ ആസ്തി ഒരു വര്‍ഷത്തിനിടെ 9.9 ശതമാനം തോതില്‍ വര്‍ധിച്ചു. മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം ഗള്‍ഫ് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്ത 61 ബാങ്കുകളുടെ ആകെ ആസ്തി 2.53 ട്രില്യണ്‍ ഡോളറാണ്. ഈ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ ഗള്‍ഫ് ബാങ്കുകളുടെ ആസ്തി 2.2 ശതമാനം തോതില്‍ വര്‍ധിച്ചു.
രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ ആസ്തി വളര്‍ച്ചയില്‍ മുന്‍നിരയില്‍ യു.എ.ഇ ബാങ്കുകളാണ്. യു.എ.ഇ ബാങ്കുകളുടെ ആസ്തി 3.2 ശതമാനം തോതില്‍ വര്‍ധിച്ചു. രണ്ടാം സ്ഥാനത്തുള്ള സൗദി ബാങ്കുകളുടെ ആസ്തി രണ്ടു ശതമാനം തോതിലും മൂന്നാം സ്ഥാനത്തുള്ള കുവൈത്തി ബാങ്കുകളുടെ ആസ്തി 1.9 ശതമാനം തോതിലും വര്‍ധിച്ചു. ഈ വര്‍ഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ സൗദി ബാങ്കുകള്‍ ആകെ 2,504 കോടി റിയാലാണ് ലാഭം നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,475 കോടി റിയാലായിരുന്നു. ഈ വര്‍ഷം ബാങ്കുകളുടെ ലാഭത്തില്‍ 27.96 ശതമാനം കുറവ് രേഖപ്പെടുത്തി. മൂന്നാം പാദത്തില്‍ ഗള്‍ഫ് ബാങ്കുകളുടെ ആകെ ലാഭം 56.5 ശതമാനം തോതില്‍ വര്‍ധിച്ചു. മൂന്നാം പാദത്തില്‍ ഗള്‍ഫ് ബാങ്കുകള്‍ ആകെ 750 കോടി ഡോളറാണ് ലാഭം നേടിയത്.

Most Popular