Friday, May 7, 2021
Home Gulf പ്രതിരോധ മന്ത്രാലയത്തിലെ അഴിമതി; സൗദിയിൽ രണ്ട് രാജകുടുംബാംഗങ്ങളെയും നാല് സൈനികരെയും പിരിച്ചു വിട്ടു

പ്രതിരോധ മന്ത്രാലയത്തിലെ അഴിമതി; സൗദിയിൽ രണ്ട് രാജകുടുംബാംഗങ്ങളെയും നാല് സൈനികരെയും പിരിച്ചു വിട്ടു

ജിദ്ദ: പ്രതിരോധ മന്ത്രാലയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് രാജകുടുംബാംഗങ്ങളെയും നാല് സൈനിക ഉദ്യോഗസ്ഥരെയും സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. അഴിമതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനും രാജകീയ ഉത്തരവിൽ പറയുന്നു.

ഉത്തരവ് പ്രകാരം സംയുക്ത സേനയുടെ കമാൻഡർ പ്രിൻസ് ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സൗദിനെയും അൽജൗഫ് മേഖലയിലെ ഡെപ്യൂട്ടി ഗവർണറായിരുന്ന അദ്ദേഹത്തിന്റെ മകൻ പ്രിൻസ് അബ്ദുൽ അസീസ് ബിൻ ഫഹദിനെയും തൽസ്ഥാനത്ത് നിന്നും ഒഴിവാക്കി.

അഴിമതി വിരുദ്ധ സമിതിക്ക് പ്രതിരോധ മന്ത്രാലയത്തിലെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

യൂസഫ് ബിൻ റാക്കൻ ബിൻ ഹിന്ദി അൽ ഒതൈബി, മുഹമ്മദ് ബിൻ അബ്ദുൽ കരീം ബിൻ മുഹമ്മദ് അൽ ഹസ്സൻ, ഫൈസൽ ബിൻ അബ്ദുൾറഹ്മാൻ ബിൻ മുഹമ്മദ് അൽ അജ്ലാൻ, മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ ഖലീഫ എന്നിവരും അന്വേഷണപരിധിയിൽപ്പെടും.

കൈക്കൂലി, പൊതു ഓഫീസ് ചൂഷണം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തി സൈനിക, സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ മുന്നൂറോളം സർക്കാർ ഉദ്യോഗസ്ഥരെ മാർച്ചിൽ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.

സംയുക്ത സേനയുടെ കമാൻഡറാകുന്നതിന് മുമ്പ് രാജകുമാരൻ ഫഹദ് രാജകീയ സൗദി ഗ്രൗണ്ട് ഫോഴ്സ്, പാരാട്രൂപ്പർ യൂനിറ്റുകൾ, പ്രത്യേക സേന എന്നിവയുടെ കമാൻഡറായിരുന്നു.

ഫാഹദ് രാജകുമാരന് പകരമായി കിരീടാവകാശി ലെഫ്റ്റനന്റ് ജനറൽ മുത്ലക് ബിൻ സേലം ബിൻ മുത്ലക് അൽ അസിമയെ നിയോഗിച്ചു.

Most Popular