Tuesday, September 21, 2021
Home Gulf അടുത്ത മാസം മുതല്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറക്ക് അനുമതി

അടുത്ത മാസം മുതല്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറക്ക് അനുമതി

സൗദി: അടുത്ത മാസം മുതല്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറക്ക് അനുമതി നൽകി സൗദി. ആഗസ്റ്റ് 10 മുതല്‍ വിദേശത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച ഉംറ സെര്‍വീസ് സ്ഥാപനങ്ങള്‍ മുഖേനയാണ് ഉംറക്കെത്തേണ്ടത്. മക്കയിലെ ഗ്രാന്‍ഡ് പള്ളിയില്‍ ഉംറ തീര്‍ത്ഥാടകരെയും മറ്റ് ആരാധകരെയും സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അന്തിമമാക്കാന്‍ നിർദേശം നൽകി കഴിഞ്ഞു.

നിലവിൽ സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിൽ നിന്നൊഴികെ മറ്റു രാജ്യങ്ങളിൽ നിന്നും നേരിട്ട് ഉംറ വിസയിൽ സൗദിയിലെത്താം. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച ഉംറ സർവീസ് സ്ഥാപനങ്ങൾ മുഖേനയാണ് ഉംറക്കെത്തേണ്ടത്. എന്നാൽ ഇന്ത്യ ഉൾപ്പെടെ യാത്രാവിലക്കുള്ള ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ളവർ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസങ്ങൾ ക്വാറന്റീൻ പൂർത്തിയാക്കിയാൽ മാത്രമേ സൗദിയിൽ പ്രവേശിക്കാൻ അനുമതി ഉണ്ടാവൂ. 18 വയസ് പൂർത്തിയായവർക്കും സൗദി അംഗീകരിച്ച വാക്സിനുകളിൽ രണ്ട് ഡോസും പൂർത്തിയാക്കിയവർക്കുമായിരിക്കും അനുമതി.

അതേസമയം ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം വെള്ളിയാഴ്ച അവസാനിച്ചതോടെ ഉംറ തീര്‍ഥാടനം പുനരാരംഭിച്ചു. നിലവില്‍ രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമാണ് ഉംറക്ക് അനുമതി. ഹജ്ജിനെ തുടര്‍ന്ന് ഉംറ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ഹജ്ജ് തീര്‍ഥാടകര്‍ മക്കയോട് വിടപറഞ്ഞ് മടങ്ങിയിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ മുതല്‍ മക്കയിലെ വിശുദ്ധ പള്ളിയില്‍ ഉംറ തീര്‍ഥാടനം പുനരാരംഭിച്ചത്. ഹജ്ജ് തീര്‍ഥാടകര്‍ മക്ക വിട്ട ഉടനെ പ്രദേശം മുഴുവന്‍ ശുചീകരിക്കുകയും അണുമുക്തമാക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഉംറ തീര്‍ഥാടനം പുനരാരംഭിച്ചത്.

Most Popular