Thursday, June 17, 2021
Home Gulf ബദല്‍ വിസകള്‍ സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രം

ബദല്‍ വിസകള്‍ സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രം

റിയാദ് : ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടുന്ന തൊഴിലാളികള്‍ക്കും റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ടശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്ത തൊഴിലാളികള്‍ക്കും പകരം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ബദല്‍ വിസകള്‍ സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ ലഭിക്കുകയുള്ളൂവെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. കടും പച്ച, പ്ലാറ്റിനം വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് തൊഴിലാളി രാജ്യം വിട്ട് 12 മാസത്തിനകം ബദല്‍ വിസകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടുന്ന ഒരു തൊഴിലാളിക്ക് പകരം 250 ല്‍ കുറവ് ജീവനക്കാരുള്ള പ്ലാറ്റിനം വിഭാഗം സ്ഥാപനങ്ങള്‍ക്ക് രണ്ടു ബദല്‍ വിസകള്‍ വീതവും ഇളംപച്ച, ഇടത്തരം പച്ച, കടും പച്ച സ്ഥാപനങ്ങള്‍ക്ക് ഒരു ബദല്‍ വിസ വീതവുമാണ് അനുവദിക്കുക.
250 ല്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷത്തിനിടെ പരമാവധി 25 ബദല്‍ വിസകളാണ് അനുവദിക്കുക.

ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ട തൊഴിലാളിയുടെ അതേ പ്രൊഫഷനിലാണ് ബദല്‍ വിസകള്‍ ഇഷ്യു ചെയ്യുക. ബദല്‍ വിസകള്‍ അനുവദിക്കുന്നതിനുമുമ്പുള്ള തുടര്‍ച്ചയായ പതിമൂന്നു ആഴ്ചക്കാലം സ്ഥാപനങ്ങള്‍ ഇളം പച്ചയിലും അതിനു മുകളിലുമുള്ള വിഭാഗങ്ങളിലുമായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
250 ല്‍ കൂടുതല്‍ ജീവനക്കാരുള്ള പ്ലാറ്റിനം സ്ഥാപനങ്ങള്‍ക്ക് ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടുന്ന ഓരോ തൊഴിലാളിക്കും പകരം ഒരു ബദല്‍ വിസ വീതം മാത്രമേ അനുവദിക്കുകയുള്ളൂ. 250 ല്‍ കൂടുതല്‍ ജീവനക്കാരുള്ള ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച വിഭാഗം സ്ഥാപനങ്ങള്‍ക്ക് ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടുന്ന സ്പെഷ്യലിസ്റ്റ് പ്രൊഫഷനിലുള്ള ഓരോ തൊഴിലാളിക്കും ഒരു ബദല്‍ വിസ വീതം അനുവദിക്കും. ഇതിന് സ്ഥാപനങ്ങള്‍ തുടര്‍ച്ചയായ 13 ആഴ്ചക്കാലം ഇളം പച്ചയും അതിനു മുകളിലുമുള്ള വിഭാഗത്തിലായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ബദല്‍ വിസയില്‍ റിക്രൂട്ട് ചെയ്യുന്ന തൊഴിലാളി ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടാല്‍ വീണ്ടും ബദല്‍ വിസ അനുവദിക്കില്ല. ബദല്‍ വിസ അനുവദിക്കുന്നത് സ്ഥാപനങ്ങള്‍ ഇളം പച്ചയില്‍ നിന്ന് താഴോട്ടു പോകുന്നതിന് ഇടയാക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ തൊഴിലാളി രാജ്യം വിട്ട് ആറു മാസത്തിനുള്ളില്‍ ബദല്‍ വിസ പ്രയോജനപ്പെടുത്തിയിരിക്കണം.
ബദല്‍ വിസക്കുള്ള ഒരു അപേക്ഷയില്‍ നടപടിക്രമങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കെ വീണ്ടും ബദല്‍ വിസ തേടി പുതുതായി മറ്റൊരു അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല.
കൃഷി തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, ഇടയന്മാര്‍ എന്നീ പ്രൊഫഷനുകളിലുള്ള തൊഴിലാളികള്‍ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടാല്‍ ബദല്‍ വിസകള്‍ അനുവദിക്കില്ല. വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വിലക്കിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ബദല്‍ വിസകള്‍ അനുവദിക്കില്ല. ബദല്‍ വിസകള്‍ക്ക് അപേക്ഷ നല്‍കുന്നതിനു മുമ്പായി വിസാ ഫീസുകള്‍ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മാനവശേഷി, മന്ത്രാലയം ആവശ്യപ്പെട്ടു.

Most Popular