Friday, September 17, 2021
Home Gulf കോവിഡിനു പിന്നാലെ ഷിഗെല്ലയും; കോഴിക്കോട് അഞ്ചു പേര്‍ ചികിത്സയില്‍

കോവിഡിനു പിന്നാലെ ഷിഗെല്ലയും; കോഴിക്കോട് അഞ്ചു പേര്‍ ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോവിഡ് വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെയാണ് കോഴിക്കോട് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 വയസുകാരന്‍ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കണ്ടത്തിയത്. സമാന രോഗലക്ഷണം കണ്ടെത്തിയ അഞ്ച് പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

നേരത്തെ മലപ്പുറം ജില്ലയില്‍ രണ്ട് ഷിഗെല്ല മരണം സംഭവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോഴിക്കോട് ജാഗ്രതാനിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു. സാധാരണ വയറിളക്കത്തെക്കാള്‍ മാരകമാണ് ഷിഗെല്ല. മലിനജലത്തിന്റെ ഉപയോഗമാണ് ഷിഗെല്ല മൂലമുള്ള മാരകമായ വയറിളക്കത്തിന് കാരണം. വ്യക്തി ശുചിത്വം പാലിച്ചാല്‍ ഒരു പരിധി വരെ രോഗം പകരുന്നതു തടയാം.

ഫലപ്രദമായ ചികിത്സ കൃത്യസമയത്തു നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനേയും വൃക്കയേയും ബാധിക്കുന്നത് മരണത്തിന് ഇടയാക്കും. കുട്ടികളിലാണ് രോഗസാധ്യത കൂടുതല്‍. വയറിളക്കം, പനി, വയറുവേദന, എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

അതേസമയം, എല്ലാ ഷിഗെല്ലാ രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക. രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്. വയറിളക്കത്തോടൊപ്പം നിര്‍ജലീകരണം കൂടിയുണ്ടാകുന്നത് പ്രശ്‌നം ഗുരുതരമാക്കും.

Most Popular