ഒമാനില്‍ എത്തുന്നവര്‍ എട്ട് ദിവസമെങ്കിലും രാജ്യത്ത് താമസിക്കണമെന്ന് അധികൃതര്‍

oman flag

മസ്‌കത്ത്: ഒമാനില്‍ എത്തുന്നവര്‍ കുറഞ്ഞത് എട്ട് ദിവസം രാജ്യത്ത് താമസിക്കണമെന്ന് അധികൃതര്‍. രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കി. രാജ്യത്തേക്ക് വരുന്നവര്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പൂര്‍ത്തിയാക്കാതെ മടങ്ങുന്നതിന് ടിക്കറ്റ് റിസര്‍വേഷന്‍ അനുവദിക്കരുതെന്നാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

രാജ്യത്തേക്ക് വരുന്നവര്‍ ഒമാനില്‍ എത്തുന്നതിന് 72 മണിക്കൂറിനിടെയുള്ള കോവിഡ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇതിന് പുറമെ വിമാനത്താവളത്തിലെത്തുമ്പോഴുള്ള കോവിഡ് പരിശോധനക്കായി 25 റിയാല്‍ നല്‍കി മുന്‍കൂട്ടി ബുക്ക് ചെയ്യുകയും വേണം. എന്ന വെബ്‌സൈറ്റിലൂടെയാണ് ഇത് ചെയ്യേണ്ടത്.

ഒമാനിലെത്തുന്നവര്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തുകയോ അല്ലെങ്കില്‍ 14 ദിവസം വരെ ക്വാറന്റീന്‍ തുടരുകയോ വേണമെന്നുമാണ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞയാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.